പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട മലയാളി ജവാന്റെ മൃതദേഹം നാളെ നാട്ടിലെത്തിക്കും. വയനാട് ലക്കിടി സ്വദേശി വസന്തകുമാറാണ് പുല്‍വാമയില്‍ ഇന്നലയുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെ വയനാട് തൃകൈപ്പറ്റയിലെ കുടുംബ ശ്മശാനത്തിലായിരിക്കും സംസ്‌കാരം.
പുല്‍വാമ ഭീകരാക്രമണം; ഞങ്ങളുണ്ട്, സൈന്യത്തിനും സര്‍ക്കാരിനുമൊപ്പം: രാഹുല്‍ ഗാന്ധി
കഴിഞ്ഞ 18 വര്‍ഷമായി സൈനിക സേവനമനുഷ്ടിച്ച വി.വി വസന്ത കുമാര്‍ ലഫ്റ്റനന്റ് കമാന്‍ഡന്റായി സ്ഥാനകയറ്റം ലഭിച്ച ഉടനെയാണ് രാജ്യത്തിനായി ജീവന്‍ ത്യജിച്ചത്. കശ്മീര്‍ താഴ്‌വരയിലുണ്ടായ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ വയനാട് സ്വദേശിയും ഉള്‍പ്പെട്ടതായുള്ള വിവരം ഇന്ന് പുലര്‍ച്ചെ അഞ്ചു മണിക്കാണ് കുടുംബത്തെ ഔദ്യോഗികമായി അറിയിച്ചത്. വയനാട് ലക്കിടി സ്വദേശി വസന്ത് കുമാര്‍ വീരമൃത്യു വരിച്ചതായി സ്ഥിരീകരിച്ചത്. സര്‍ക്കാറിനു വേണ്ടി വയനാട് എ.ഡി.എം വീട്ടിലെത്തി ബന്ധുക്കളെ വിവരമറിയിച്ചു. നാളെ കാലത്ത് 5.30ന് കരിപ്പൂരിലെത്തിക്കുന്ന ഭൗതിക ശരീരം പൂര്‍ണ്ണ സൈനിക-സംസ്ഥാന ബഹുമതികളോടെ സംസ്‌കരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
കരിപ്പൂരില്‍ നിന്ന് ലക്കിടി എല്‍.പി സ്‌കൂളിലെത്തിച്ച് പൊതു ദര്‍ശനത്തിനു വച്ച ശേഷം തറവാട്ടു വളപ്പിലായിരിക്കും സംസ്‌കാരം. വയനാട് വൈത്തിരി വില്ലേജിലെ ലക്കിടി കുന്നത്തിടവക പരേതനായ വാഴക്കണ്ടി വാസുദേവന്റെയും ശാന്തയുടെയും മകനാണ് വി.വി.വസന്തകുമാര്‍. സി.ആര്‍.പി.എഫ് 82ാം ബറ്റാലിയന്‍ അംഗമാണ്. ഭാര്യയും രണ്ടു കുട്ടികളും അടങ്ങിയതാണ് കുടുംബം.