പരിസ്ഥിതി ആഘാത വിലയിരുത്തല്‍ വിജ്ഞാപനത്തിന്റെ കരടിനെച്ചൊല്ലിയുള്ള വിവാദം അനവസരത്തിലുള്ളതാണെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രി പ്രകാശ് ജാവഡേക്കര്‍. കരടിന്മേല് അഭിപ്രായം തേടുകമാത്രമാണ് ചെയ്തിട്ടുള്ളത്. ഉയര്‍ന്നു വരുന്ന എല്ലാ അഭിപ്രായങ്ങളും പരിശോധിക്കും. അന്തിമ തീരുമാനം ഇതുവരെയും എടുത്തിട്ടില്ല. ഇ.ഐ.എ കരട് വിജ്ഞാപനം പിന്‍വലിക്കണമെന്നുള്ള കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ആവശ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
‘ ഇഐഎ ഡ്രാഫ്റ്റിന് എതിരെയുള്ള ചില നേതാക്കളുടെ പ്രതികരണം നോക്കൂ, അവര്‍ക്കെങ്ങനെ കരടിന് എതിരെ പ്രതിഷേധിക്കാന്‍ സാധിക്കും? ഇതൊരു അന്തിമ കരടല്ല. 150 ദിവസം ജനഹിതം അറിയാനായി മാറ്റിവച്ചിരിക്കുകയാണ്. ഇത് കോവിഡ് 19 കാരണമാണ്. അല്ലെങ്കില്‍ നിയമമനുസരിച്ച് 60 ദിവസമാണ് നല്‍കുന്നത്’- ജാവഡേക്കര്‍ പറഞ്ഞു.
‘ഞങ്ങള്‍ക്ക് ലഭിക്കുന്ന ആയിരത്തോളം നിര്‍ദേശങ്ങള്‍ ഞങ്ങള്‍ സ്വീകരിക്കുകയാണ്. ആ നിര്‍ദേശങ്ങളും ഞങ്ങള്‍ പരിഗണിക്കും. അതിന് ശേഷം മാത്രമേ അന്തിമ കരട് തയ്യാറാക്കുകയുള്ളു. ഡ്രാഫ്റ്റിന് എതിരെ ബഹളം വെയ്ക്കുന്നത് ശരിയായ നിലപാടല്ല.’- അദ്ദേഹം പറഞ്ഞു. രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം അപക്വവും അനാവശ്യവുമാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കേന്ദ്ര സർക്കാരിന്റെ വിവാദ പരിസ്ഥിതി ആഘാത നിയമ ഭേദഗതിയെക്കുറിച്ച് കേരളം അഭിപ്രായമറിയിച്ചിട്ടില്ല. നാളെയാണ് സംസ്ഥാനങ്ങളുടെ അഭിപ്രായം അറിയിക്കാനുള്ള അവസാന തീയതി.
വിവിധ പദ്ധതികള്‍ക്ക് പാരിസ്ഥിതിക പഠനം നല്‍കാതെ അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ടുള്ളതാണ് വിജ്ഞാപനം. പരിസ്ഥിതി മന്ത്രാലയം കഴിഞ്ഞ മാര്‍ച്ചില്‍ പ്രസിദ്ധീകരിച്ച കരട് വിജ്ഞാപനത്തില്‍, പൊതു അഭിപ്രായം തേടിയിരുന്നു. ഇതിനെതിരെ വ്യാപകമായ പ്രതിഷേധമാണ് രാജ്യമാകെ ഉയരുന്നത്.