കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന് സർക്കാർ ആവർത്തിച്ചതോടെ അനിശ്ചിതകാല ട്രെയിന്‍ തടയലിന് ഒരുങ്ങി കർഷക സംഘടനകള്‍. നാളെ ജയ്പൂര്‍-ഡല്‍ഹി, ആഗ്രാ-ഡല്‍ഹി ഹൈവേകള്‍ ഉപരോധിക്കും. കര്‍ഷകരുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭം ആരംഭിക്കുമെന്ന് അണ്ണാ ഹസാരെ അറിയിച്ചു.
ഡല്‍ഹി അതിർത്തികളിലെ കർഷകരുടെ സമരം 16ാം ദിവസത്തിലേക്ക് കടന്നു. കാർഷിക നിയമങ്ങള്‍ പിന്‍വലിക്കില്ലെന്ന നിലപാടില്‍ സർക്കാരും പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ കർഷകരും ഉറച്ച് നില്‍ക്കുകയാണ്. ചൂണ്ടിക്കാട്ടിയ 15 പ്രശ്നങ്ങളില്‍ 12 എണ്ണവും കേന്ദ്രം ശരിവെക്കുന്നുണ്ടെന്നും എന്നിട്ടും നിയമം പിന്‍വലിക്കാന്‍ തയ്യാറാകാത്തത് അംഗീകരിക്കാനാകില്ലെന്നും കർഷക സംഘടനകള്‍ വ്യക്തമാക്കി.
പ്രധാനമന്ത്രി കേള്‍ക്കാന്‍ തയ്യാറായില്ലെങ്കില്‍ നിശ്ചിതകാല ട്രെയിന്‍ തടയല്‍ ആരംഭിക്കുമെന്ന് കർഷകർ അറിയിച്ചു. സമരം ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയിലേയ്ക്കുള്ള പ്രധാന ഹൈവേകളെല്ലാം നാളെ ഉപരോധിക്കും. ടോള്‍ പ്ലാസകളുടെ പ്രവര്‍ത്തനം സ്തംഭിപ്പിക്കും. 14ന് ദേശീയ പ്രതിഷേധം സംഘടിപ്പിക്കാനുമാണ് നീക്കം.
ഭേദഗതികളില്‍ ചർച്ചയാകാമെന്നും കേന്ദ്ര നിർദേശങ്ങള്‍ പരിഗണിക്കണമെന്നുമാണ് കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍ ആവർത്തിച്ചത്. അതേസമയം ഇതുവരെ 15 കർഷകർക്കാണ് ജീവന് നഷ്ടമായത്. 4 പേർ അപകടത്തിലും 10 പേർ ഹൃദയസ്തംഭനത്തെ തുടർന്നും ഒരാള്‍ അതിശൈത്യത്തിലുമാണ് മരിച്ചത്.