India National

പ്രിയങ്ക ഗാന്ധി സജീവ രാഷ്ട്രീയത്തിലേക്ക്; എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമനം

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സംഘടനാതലത്തില്‍ വന്‍ മാറ്റങ്ങളുമായി കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ കിഴക്കന്‍ ഉത്തര്‍ പ്രദേശിന്റെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കാണ് പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിന്റെ ചുമതല. സംഘടനകാര്യ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി കെ.സി വേണുഗോപാലും തെരഞ്ഞെടുക്കപ്പെട്ടു.

ലോക്‌സഭ തെരഞ്ഞെടുപ്പ് അടുക്കവെ യുവ ഊര്‍ജ്ജവും പരിചയസമ്പത്തും സമന്വയിപ്പിക്കുകയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രിയങ്ക ഗാന്ധിയുടെ സജീവ രാഷ്ട്രീയത്തിലേക്കുള്ള കടന്നുവരവും ഇതിന്റെ ഭാഗമാണ്. ഉത്തര്‍പ്രദേശിന്റെ ചുമതലയുള്ള ഗുലാം നബി ആസാദിനെ ഹരിയാനയിലേക്ക് മാറ്റിയാണ് പ്രിയങ്കയുടെയും ജ്യോതിരാദിത്യ സിന്ധ്യയുടെയും കടന്നുവരവ്.

രാജസ്ഥാന്‍ മുഖ്യമന്ത്രിയായി അശോക് ഗെഹ്‍ലോട്ട് പോയപ്പോള്‍ ഒഴിവുവന്ന എ.ഐ.സി.സി സംഘടനകാര്യ ജനറല്‍ സെക്രട്ടറി പദവിയിലാണ് കെ.സി വേണുഗോപാലിനെ നിയമിച്ചത്. കര്‍ണാടക തെരഞ്ഞെടുപ്പിലടക്കം വഹിച്ച പങ്ക് കണക്കിലെടുത്താണ് കെ.സി വേണുഗോപാലിനെ തെരഞ്ഞെടുത്തത്. തെരഞ്ഞെടുപ്പിനെ നേരിടാന്‍ യുവ നേതൃത്വത്തെ തന്നെ സജ്ജമാക്കുന്നതോടൊപ്പം ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ ശക്തി കേന്ദ്രങ്ങളില്‍ പ്രിയങ്ക ഇറങ്ങുന്നതും തെരഞ്ഞെടുപ്പ് ചിത്രം മാറ്റിമറിക്കും