കോൺഗ്രസ് അധികാരത്തിലെത്തിയാല്‍ പൗരത്വ ഭേദഗതി നിയമം അസമിൽ റദ്ദാക്കുമെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി അസമിലെ തേസ്പുരിലെ തെരഞ്ഞെടുപ്പ് പൊതുയോഗത്തിലെത്തിയപ്പോഴാണ് പ്രിയങ്ക ഇക്കാര്യം പറഞ്ഞത്.
അസം ജനത വഞ്ചിക്കപ്പെട്ടുവെന്നും അഞ്ചു വർഷം മുമ്പ് 25 ലക്ഷം തൊഴിൽ നൽകുമെന്ന് ഉറപ്പുനൽകിയ ബി.ജെ.പി അതിനു പകരം നൽകിയത് സി.എ.എയാണെന്നും പ്രിയങ്ക പറഞ്ഞു.
‘അഞ്ചിന ഉറപ്പ്’ കാമ്പയിന് തുടക്കം കുറിച്ച പ്രിയങ്ക, തങ്ങള്‍ തെരഞ്ഞെടുക്കപ്പെട്ടാൽ വീട്ടാവശ്യങ്ങൾക്ക് 200 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി നൽകുമെന്നും തോട്ടം തൊഴിലാളികളുടെ ദിവസ വേതനം നിലവിലെ 167 രൂപയിൽ നിന്നും 365 ആക്കി ഉയർത്തുമെന്നും പറഞ്ഞു. സി.എ.എ എന്നെഴുതി വെട്ടിക്കളഞ്ഞ ചിത്രമുള്ള അസമീസ് രീതിയിലുള്ള പരമ്പരാഗത ഷാൾ കഴുത്തിലണിഞ്ഞാണ് എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രചാരണ പരിപാടിക്കെത്തിയത്.