India National

ഗാന്ധികുടുംബത്തിന് പുറത്ത് നിന്നൊരാള്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെ: പ്രിയങ്ക ഗാന്ധി

ഇക്കാര്യത്തില്‍ രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് യോജിക്കുന്നുവെന്ന് പ്രിയങ്ക ഗാന്ധി

ഗാന്ധി കുടുംബത്തിന് പുറത്തുനിന്നൊരാൾ കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് വരട്ടെയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി. ഇക്കാര്യത്തില്‍ രാഹുൽ ഗാന്ധിയുടെ നിലപാടുകളോട് യോജിക്കുന്നു. പാർട്ടി ഇക്കാര്യത്തിൽ തീരുമാനം എടുക്കണമെന്നും പ്രിയങ്ക വ്യക്തമാക്കി.

“പാര്‍ട്ടിക്ക് മറ്റൊരു പ്രസിഡന്റ് ഉണ്ടായാല്‍ അദ്ദേഹം എന്റെ ബോസ് ആയിരിക്കും. ഞാന്‍ ഉത്തര്‍പ്രദേശില്‍ അല്ല ആന്‍ഡമാന്‍, നിക്കോബാറിലാണ് നില്‍ക്കേണ്ടതെന്ന് നാളെ അദ്ദേഹം പറഞ്ഞാല്‍, ഞാന്‍ സന്തോഷത്തോടെ ആന്‍ഡമാനിലേക്കും നിക്കോബാറിലേക്കും പോകും.” പ്രിയങ്ക പറഞ്ഞു.

‘ഇന്ത്യ ടുമോറോ: കോണ്‍വര്‍സേഷന്‍സ് വിത്ത് ദ നെക്സ്റ്റ് ജനറേഷന്‍ ഓഫ് പൊളിറ്റിക്കല്‍ റീഡേഴ്സ്’ എന്ന പുസ്തകത്തിലെ അഭിമുഖത്തിലാണ് പ്രിയങ്ക ഇക്കാര്യം വ്യക്തമാക്കിയത്. പ്രദീപ് ചിബ്ബറും ഹര്‍ഷ് ഷായും ചേര്‍ന്നാണ് പുസ്തകം എഴുതിയത്.

2019ലെ തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്ത് നിന്ന് പിന്മാറിയത്. നേതൃസ്ഥാനത്തേക്ക് തിരിച്ചുവരണമെന്ന് പാര്‍ട്ടിയില്‍ നിന്ന് ആവശ്യം ഉയര്‍ന്നെങ്കിലും രാഹുല്‍ തന്റെ തീരുമാനത്തില്‍ നിന്ന് പിന്മാറിയില്ല. ഇനി ഉടന്‍ പാര്‍ട്ടിയുടെ നേതൃസ്ഥാനത്തേക്ക് രാഹുല്‍ തിരിച്ചെത്തില്ലെന്ന സൂചനയാണ് പ്രിയങ്കയുടെ വാക്കുകള്‍ നല്‍കുന്നത്.