India

പ്രധാനമന്ത്രി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

പ്രധാനമന്ത്രി നരേന്ദ്ര മോദി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഡൽഹി എയിംസിൽ നിന്നാണ് മോദി വാക്സീന്റെ ആദ്യ ഡോസ് എടുത്തത്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച കോവാക്സീനാണ് മോദി സ്വീകരിച്ചതെന്ന് വാർത്ത ഏജൻസിയായ എഎൻഐ ട്വീറ്റ് ചെയ്യുന്നു. പുതുച്ചേരിയിൽ നിന്നുള്ള സിസ്റ്റർ പി. നിവേദയാണ് മോദിക്ക് പ്രതിരോധ കുത്തിവയ്പ് എടുത്തത്. അര്‍ഹരായ എല്ലാവരും വാക്‌സിന്‍ സ്വീകരിക്കണമെന്ന് വാക്‌സിനെടുത്തതിന് പിന്നാലെ മോദി പറഞ്ഞു. രാജ്യത്ത് രണ്ടാംഘട്ട കോവിഡ് വാക്‌സിന്‍ കുത്തിവെയ്പ്പ് ആരംഭിക്കുന്നതിന്റെ ഭാഗമായാണ് മോദി വാക്‌സിന്‍ സ്വീകരിച്ചത്.

അതേസമയം കോവിഡ് വാക്സിനേഷന്‍ രണ്ടാം ഘട്ടം ഇന്ന് മുതല്‍ ആരംഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്കാണ്‌ രണ്ടാംഘട്ടത്തില്‍ വാക്സിന്‍ നല്‍കുന്നത്. കോവിന്‍ പോര്‍ട്ടല്‍ വഴിയും ആരോഗ്യ സേതു ആപ്പ് വഴിയും രജിസ്റ്റർ ചെയ്യാം. 60 വയസിന് മുകളിലുള്ളവര്‍ക്കും 45 വയസിന് മുകളിലുള്ള മറ്റ് അസുഖങ്ങള്‍ ഉള്ളവര്‍ക്കുമാണ് വാക്സിന്‍ നല്‍കുന്നത്. പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യുമ്പോള്‍ ഐ.ഡി കാര്‍ഡിലെ വിവരങ്ങള്‍ നല്‍കണം. രജിസ്ട്രേഷന്‍ സമയത്ത് കോവിഡ് വാക്സിനേഷന്‍ സെന്‍ററുകളുടെ പട്ടികയും ഒഴിഞ്ഞ സ്ലോട്ടുകള്‍ ലഭ്യമാകുന്ന തീയതിയും കാണും. അതനുസരിച്ച് സ്ലോട്ടുകള്‍ അടിസ്ഥാനമാക്കി ബുക്ക് ചെയ്യാം.

ഒരു മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് നാല് ഗുണഭോക്താക്കളുടെ രജിസ്ട്രേഷന്‍ നടത്താം. ഓരോ ഗുണഭോക്താവിന്‍റേയും ഐ.ഡി കാര്‍ഡ് നമ്പര്‍ വ്യത്യസ്തമായിരിക്കണം. ആദ്യ ഡോസ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ രണ്ടാം ഡോസിനുള്ള തീയതിയും ലഭിക്കും. വാക്സിനെടുക്കാനായി പോകുമ്പോള്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം.