India

കേരളത്തിലെ കൊവിഡ് സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് പ്രധാനമന്ത്രി

കേരളത്തിലെ കൊവിഡ് സാഹചര്യങ്ങളില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ആശങ്ക രേഖപ്പെടുത്തിയത്. അശ്രദ്ധയ്ക്കും അലംഭാവത്തിനും ഇടമില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു

പുനഃസംഘടനയ്ക്ക് പിന്നാലെ നടന്ന ആദ്യ മന്ത്രിസഭായോഗത്തിലാണ് കൊവിഡ് വ്യാപനത്തിലെ ആശങ്ക പ്രധാനമന്ത്രി പങ്കുവച്ചത്. കേരളത്തിലെയും മഹാരാഷ്ട്രയിലെയും കൊവിഡ് സാഹചര്യത്തിലാണ് പ്രധാനമന്ത്രി ആശങ്ക അറിയിച്ചത്. ജനങ്ങളുടെ ശ്രദ്ധക്കുറവ് കൊവിഡ് വ്യാപനം കുറയാത്തതിന്റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടികാട്ടി.

ലോക്ക് ഡൗണ്‍ ഇളവുകള്‍ നല്‍കിയതിന് പിന്നാലെ മാസ്‌ക്ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയുമുള്ള ആള്‍ക്കൂട്ടങ്ങള്‍ ഭയപ്പെടുത്തുന്നതാണെന്ന് മന്ത്രിസഭായോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായാണ് വിവരം. ചെറിയ വീഴ്ചകള്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും കൊവിഡിനെ അതിജീവിക്കാനുള്ള പോരാട്ടത്തെ ദുര്‍ബലമാക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ 24 മണിക്കൂറിനിടെ കേരളത്തില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ മൂന്നാം ഘട്ട പരീക്ഷണം നടത്താന്‍ സനോഫി, ജി എസ്‌കെ എന്നിവ വാക്‌സിനുകള്‍ക്ക് അനുമതി ലഭിച്ചു. ഫലപ്രാപ്തി, രോഗപ്രതിരോധശേഷി എന്നിവ വിലയിരുത്തും.