India

റിപ്പബ്ലിക്ക് ദിനത്തലേന്നു രാജ്യത്തെ അഭിസംബോധന ചെയ്യവേ കർഷകർക്ക് അഭിവാദ്യമർപിച്ച് രാഷ്‌ട്രപതി

72 ആമത് റിപ്പബ്ലിക്ക് ദിനത്തലേന്നു കർഷകരെ അഭിസംബോധന ചെയ്യവേ കർഷകർക്ക് അഭിവാദ്യമർപ്പിച്ച് രാഷ്‌ട്രപതി. സൈനികരും കർഷകരും രാജ്യത്തിന് വേണ്ടി പോരാടുന്നവരാണെന്നു രാഷ്‌ട്രപതി രാം നാഥ് കോവിന്ദ് പറഞ്ഞു. കർഷകർ രാജ്യത്തിന്റെ ഭക്ഷ്യ സുരക്ഷക്കായി നിലനിൽക്കുന്നവരാണെങ്കിൽ സൈനികർ അതിർത്തി സുരക്ഷക്കായി നിലനിൽക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

” വിശാലവും ജനനിബിഡവുമായ നമ്മുടെ രാജ്യത്തെ ഭക്ഷ്യ വസ്തുക്കളുടെ കാര്യത്തിൽ സ്വയം പര്യാപ്തരാക്കുന്ന കർഷകരെ ഓരോ ഇന്ത്യക്കാരനും അഭിവാദ്യം ചെയ്യുന്നു” – അദ്ദേഹം പറഞ്ഞു.

അത് പോലെ തന്നെ സിയാച്ചിനിലും ഗാൽവാൻ താഴ്വരയിലും കനത്ത തണുപ്പിലും ജൈസൽമീറിൽ കനത്ത ചൂടിലും ജാഗരൂകരായി നിൽക്കുന്ന സൈനികരെയും അദ്ദേഹം അഭിവാദ്യം ചെയ്തു. അതിർത്തികളിലൂടെയുള്ള കടന്നു കയറ്റ ശ്രമങ്ങളെ അവർ വിജയകരമായി തടഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു . മനുഷ്യരാശിയുടെ നന്മക്കായി സുപ്രധാനമായ സംഭാവനയാണ് അവരുടേതെന്നും അദ്ദേഹം പറഞ്ഞു.

സഹോദര്യമെന്ന ഭരണഘടനാ മൂല്യമാണ് കോവിഡ് മൂലമുണ്ടായ പ്രതിസന്ധികളെ മറികടക്കാൻ നമ്മളെ സഹായിച്ചതെന്ന് രാഷ്‌ട്രപതി ഓർമ്മിപ്പിച്ചു. “നമ്മൾ ഇന്ത്യക്കാർ ഒരു കുടുംബമായി പെരുമാറി. കൊറോണ വൈറസ് എന്ന പൊതു ശത്രുവിനെ നേരിടാൻ നാം ഒന്നിച്ചു ഒരുപാട് ത്യാഗങ്ങൾ നടത്തി. പ്രതിസന്ധി ഘട്ടങ്ങളിൽ അസാധാരണ പാടവം കാണിച്ച സാധാരണക്കാരായവരായിരുന്നു നമ്മുടെ കോവിഡ് പോരാളികൾ” – അദ്ദേഹം സൂചിപ്പിച്ചു.