India

പ്രധാനമന്ത്രിയുടെ സുരക്ഷാ വീഴ്ച; ആശങ്ക അറിയിച്ച് രാഷ്ട്രപതി

പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട സുരക്ഷാ വീഴ്ച്ചയില്‍ ആശങ്ക അറിയിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. രാഷ്ട്രപതിയെ കണ്ട് പ്രധാനമന്ത്രി കാര്യങ്ങൾ വിശദീകരിച്ചു. സംഭവത്തിൽ രാഷ്ട്രീയ വിവാദങ്ങൾ സങ്കീർണമാവുകയാണ്.

പ്രധാനമായും ബിജെപി കോൺഗ്രസ് പാർട്ടികൾക്കിടയിലാണ് വിവാദം. ഹുസൈനിവാലയിലെ ദേശീയ രക്തസാക്ഷി സ്മാരകത്തിൽ ആദരാഞ്ജലി അർപ്പിച്ച ശേഷം ഫിറോസ്പൂരിലെ റാലിയിൽ പങ്കെടുക്കാനാണ് പ്രധാനമന്ത്രി ഇന്നലെ ഭട്ടിൻഡയിൽ എത്തിയത്.

മഴകാരണം ഹെലികോപ്റ്റർ മാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകുന്നത് ഒഴിവാക്കി. പകരം റോഡുമാർഗ്ഗം ഹുസൈനിവാലയിലേക്ക് പോകാൻ ക്രമീകരണം ഉണ്ടെന്ന് സംസ്ഥാന ഡിജിപി എസ്പിജിക്ക് ഉറപ്പു നല്‍കി. എന്നാൽ ഹുസൈനിവാലയിൽ നിന്ന് 30 കിലോമീറ്റർ അകലെ പ്രതിഷേധക്കാർ വാഹനവ്യൂഹം തടയുകയായിരുന്നു. 15 മിനിറ്റിലധികം പ്രധാനമന്ത്രി ഫ്ളൈഓവറിൽ കിടന്നു.

സംഭവത്തിൽ ഉന്നതതല അന്വേഷണം പ്രഖ്യാപിച്ച് പഞ്ചാബ് സര്‍ക്കാര്‍. പ്രധാനമന്ത്രിയുടെ വരവിനെക്കുറിച്ച് പൊലീസ് നേരത്തെ അറിയിച്ചിരുന്നതായി കര്‍ഷകനേതാക്കള്‍ പറയുന്നു. സംഭവത്തില്‍ പ്രാഥമിക റിപ്പോര്‍ട്ട് പഞ്ചാബ് സര്‍ക്കാര്‍ വൈകീട്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന് സമര്‍പ്പിക്കും.