ഹര്‍ത്താല്‍ ദിനത്തില്‍ തിരുവനന്തപുരം നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് മുന്നിലേക്ക് ബോംബെറിഞ്ഞതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ആര്‍.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രവീണിനെ അറസ്റ്റ് ചെയ്യാനുള്ള നീക്കും പൊലീസ് ഊര്‍ജ്ജിതമാക്കി.
ഹര്‍ത്താല്‍ ദിനത്തില്‍ സംസ്ഥാനമുടനീളമുണ്ടായ ആക്രമങ്ങളുടെ തുടര്‍ച്ചയായിട്ടാണ് നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരയും അക്രമം നടന്നത്. സ്‌റ്റേഷനിലേക്കും, സി.പി.എം മാര്‍ച്ചിന് നേരേയാണ് ബോംബേറ് ഉണ്ടായത്. ആര്‍.എസ്.എസ് പ്രവര്‍ത്തകനായ നെടുമങ്ങാട് നൂറനാട് സ്വദേശി പ്രവീണാണ് ബോംബെറിഞ്ഞതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. നാല് ബോംബുകള്‍ സ്‌റ്റേഷന് മുന്നിലേക്കും, രണ്ട് ബോംബുകള്‍ സി.പി.എം മാര്‍ച്ചിന് നേരെയുമാണ് എറിഞ്ഞത്.
സംഘര്‍ഷം നിയന്ത്രിക്കാന്‍ നിന്ന പൊലീസുകാരുടെ തൊട്ടുമുമ്പിലാണ് ബോംബുകള്‍ വീണ് പൊട്ടിയത്. ഇതിനിടെ നെടുമങ്ങാട് എസ്.ഐയുടെ കൈ ഒടിഞ്ഞിരുന്നു. എന്നാല്‍ പ്രതിയെ ഇതുവരെ പിടികൂടാന്‍ പൊലീസ് കഴിഞ്ഞിട്ടില്ല. അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഊര്‍ജ്ജിതമാണ്.