India

പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാക്കാനൊരുങ്ങി പഞ്ചാബ് കോണ്‍ഗ്രസ്

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രശാന്ത് കിഷോറിനെ തെരഞ്ഞെടുപ്പ് തന്ത്രജ്ഞനാക്കാനൊരുങ്ങി പഞ്ചാബ് കോണ്‍ഗ്രസ്. പഞ്ചാബ് മുഖ്യമന്ത്രി ഛരണ്‍ജിത് സിംഗ് ചന്നി പാര്‍ട്ടി എംഎല്‍എമാരുമായി നടത്തിയ ചര്‍ച്ചയിലാണ് നിര്‍ദേശം മുന്നോട്ടുവച്ചത്.

കഴിഞ്ഞയാഴ്ച സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ജനക്ഷേമ പദ്ധതികളുടെ പ്രഖ്യാപനങ്ങള്‍ക്ക് മുഖ്യമന്ത്രിയോട് നന്ദിയറിയിക്കാനാണ് എംഎല്‍എമാര്‍ യോഗം ചേര്‍ന്നത്. പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗിന്റെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായ പ്രശാന്ത് കിഷോര്‍, സജീവമായി നില്‍ക്കേണ്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാനാകില്ലെന്ന് വ്യക്തമാക്കി ഓഗസ്റ്റില്‍ തന്റെ സ്ഥാനം രാജിവച്ചിരുന്നു. 2014ലെ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വേണ്ടി തന്ത്രങ്ങള്‍ മെനഞ്ഞ സൂത്രധാരനെന്ന നിലയ്ക്കാണ് പ്രശാന്ത് കിഷോര്‍ വാര്‍ത്തകളില്‍ ഇടം നേടിയത്. ഇനിയുള്ള തെരഞ്ഞെടുപ്പുകളില്‍ തോറ്റാലും ജയിച്ചാലും ബിജെപി രാജ്യത്തെ പ്രധാനമുഖമായി മാറുമെന്ന് പ്രശാന്ത് കിഷോര്‍ ഈയടുത്ത് പ്രസ്താവിച്ചിരുന്നു. രാഹുല്‍ ഗാന്ധി സ്ഥിതിഗതികള്‍ ഒന്നും മനസിലാക്കുന്നില്ലെന്നും ബിജെപി ഭരണം തുടരാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു പ്രശാന്ത് കിഷോറിന്റെ വാക്കുകള്‍. അതേസമയം കോണ്‍ഗ്രസ് പിസിസി അധ്യക്ഷന്‍ നവജ്യോത് സിംഗ് സിദ്ദു ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും എതിരായി താനുണ്ടാകുമെന്നാണ് മുന്‍ മുഖ്യന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗ് പറഞ്ഞിരുന്നു. പഞ്ചാബ് ലോക് കോണ്‍ഗ്രസ് എന്ന പുതിയ പാര്‍ട്ടിയും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്. വരാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കാനാണ് നീക്കം.