രാജസ്ഥാന് കോണ്‍ഗ്രസില്‍ വീണ്ടും ഭിന്നത രൂക്ഷമാവുന്നു. മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും യുവനേതാവ് സച്ചിന് പൈലറ്റും തമ്മിലുള്ള ഭിന്നതയാണ് വീട്ടും പരസ്യമായ പൊട്ടിത്തെറിയിലെത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയിലാണ് ഇരുവരും തമ്മില്‍ തര്‍ക്കം പരസ്യമായത്. സന്ദര്‍ഭം മുതലെടുത്ത് സച്ചിന് പൈലറ്റിനെ ചാക്കിട്ട് പിടിക്കാന്‍ ബി.ജെ.പിയും കിണഞ്ഞ് ശ്രമിച്ചിരുന്നു.
ഒടുവില്‍ ഹൈകമാന്റ് ഇടപെട്ടു. ഉടന്‍ പരിഹാരം കാണാമെന്ന ധാരണയായെങ്കിലും ഒരു വര്‍ഷം ആകാറായിട്ടും പ്രശ്നപരിഹാര ഫോര്‍മൂലയോ നടപടിയോ ഉണ്ടായിട്ടില്ല. ഈ സാഹചര്യത്തിലാണ് സച്ചിന് പൈലറ്റ് ഡല്‍ഹിയില്‍ തങ്ങുന്നത് ഹൈകമാന്റിന് കടുത്ത തലവേദനയാകുന്നത്. പൈലറ്റുമായി ചര്‍ച്ച നടത്തിയെന്ന് ബി.ജെ.പി എം.പി റീത ബഹുഗുണ പ്രസ്താവന നടത്തിയോടെ പരിഹാര നീക്കങ്ങള്‍ ഊര്‍ജിതമാക്കിയിരിക്കുകയാണ് ദേശീയ നേതൃത്വം.
അതേസമയം അങ്ങനെയൊരു ചര്‍ച്ച നടന്നിട്ടില്ലെന്നാണ് സച്ചിന് പൈലറ്റ് പറയുന്നത്. നിലവില്‍ ഒമ്പത് മന്ത്രി പദവികളുടെ ഒഴിവാണ് അശോക് ഗെഹ് ലോട്ട് മന്ത്രിസഭയിലുള്ളത്. ഇതില്‍ ആറ് മന്ത്രി പദവികളെങ്കിലും വേണമെന്നാണ് സച്ചിന് പൈലറ്റ് പക്ഷത്തിന്റെ ആവശ്യം. മന്ത്രിസഭ ഉടന്‍ വികസിപ്പിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ ആലോചന. ഇക്കാര്യത്തില്‍ ഉടന്‍ തീരുമാനമുണ്ടാകുമെന്നും പാര്‍ട്ടി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു.
ബി.എസ്.പിയില്‍ നിന്ന് കോണ്‍ഗ്രസിലെത്തിയ എം.എല്‍.എമാര്‍ക്കും മന്ത്രിസ്ഥാനം നല്‍കണമെന്നതാണ് പാര്‍ട്ടിയെ കുഴക്കുന്നത്. അതിനിടെയാണ് തന്റെ ഫോണ്‍ ചോര്‍ത്താന്‍ ശ്രമം നടക്കുന്നുണ്ടെന്ന് മറ്റൊരു എം.എല്‍.എയില്‍ നിന്ന് വിവരം ലഭഫിച്ചിട്ടുണ്ടെന്ന പരാമശര്‍വുമായി സച്ചിന് പൈലറ്റ് പക്ഷത്തുള്ള ജയ്പൂര്‍ ചക്സു എം.എല്‍.എ വേദ് പ്രകാശ് സോളങ്കി രംഗത്തെത്തിയത്.
പരാമര്‍ശം പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. എന്നാല്‍ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് ചീഫ് വിപ്പും ഗെഹ്ലോട്ട് പക്ഷത്തെ എം.എല്‍.എയുമായ മഹേഷ് ജോഷിയും രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം ചില കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബി.ജെ.പി ഏജന്റുമാരുമായി നടത്തിയ ഫോണ്‍ സംഭാഷണം പുറത്തുവന്നത് ഏറെ വിവാദത്തിനിടയാക്കിയിരുന്നു.