India

ചെങ്കോട്ടയില്‍ പൊലീസ് നടപടി; സംഘര്‍ഷം

ചെങ്കോട്ടയില്‍ നിന്നും പൊലീസ് കര്‍ഷകരെ ഒഴിപ്പിക്കുന്നു. പൊലീസ് കര്‍ഷകര്‍ക്ക് നേരെ ലാത്തിചാര്‍ജ് പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷം തുടരുകയാണ്. നേരത്തെ ട്രാക്ടറുകളുമായെത്തിയ കര്‍ഷകര്‍ ചെങ്കോട്ടയില്‍ സമര പതാക വീശി. ചെങ്കോട്ടയിലെ മിനാരത്തിന് മുകളിലും കര്‍ഷകര്‍ പതാക ഉയര്‍ത്തി.

അതിനിടെ ട്രാക്ടര്‍ റാലിക്കിടെ ഒരു കര്‍ഷകന്‍ മരിച്ചു. കര്‍ഷകനെ പൊലീസ് വെടിവച്ചു വീഴ്ത്തുകയായിരുന്നുവെന്ന് കര്‍ഷകര്‍ ആരോപിച്ചു. മരിച്ച കര്‍ഷകന്റെ മൃതദേഹവുമായി കര്‍ഷകര്‍ ഐടിഒ ജങ്ഷനില്‍ പ്രതിഷേധിക്കുകയാണ്. അക്ഷര്‍ധാം വഴി വന്ന സംഘമാണ് ഐടിഒയില്‍ പ്രതിഷേധിക്കുന്നത്.

ട്രാക്ടര്‍ റാലിയിലുടനീളം പൊലീസും കര്‍ഷകരും ഏറ്റുമുട്ടി. പൊലീസ് കര്‍ഷകരുടെ ട്രാക്ടറുകളുടെ കാറ്റഴിച്ചു വിടുകയും ലാത്തിചാര്‍ജും കണ്ണീര്‍ വാതകവും പ്രയോഗിക്കുകയും ചെയ്തു. നേരത്തെ നിശ്ചയിച്ച അതേ റൂട്ട് മാപ്പിലൂടെ മാത്രമാണ് പരേഡ് പോകുന്നതെന്നും അവിടെ തടസ്സമായി പൊലീസ് വച്ച ബാരിക്കേഡുകളാണ് മാറ്റിയതെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി.