India Sports

ടോക്കിയോ ഒളിംപിക്‌സ്: ഇന്ത്യന്‍ തയ്യാറെടുപ്പുകള്‍ വിലയിരുത്തി പ്രധാനമന്ത്രി, 13ന് അത്‌ലറ്റുകളുമായി സംസാരിക്കും

ടോക്കിയോ ഒളിംപിക്‌സിനുള്ള ഇന്ത്യന്‍ ടീമിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. താരങ്ങളുടെ യാത്രയും വാക്‌സിനേഷനും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പ്രധാനമന്ത്രി വിലയിരുത്തി. ടോക്കിയോ ഒളിംപിക്സിൽ മത്സരിക്കുന്ന അത്‌ലറ്റുകളുമായി ജൂണ്‍ 13ന് വൈകിട്ട് അഞ്ച് മണിക്ക് ഓണ്‍ലൈന്‍ വഴി കൂടിക്കാഴ്‌ച നടത്തുമെന്നുംപ്രധാനമന്ത്രി അറിയിച്ചു.

ജപ്പാനിലെ ടോക്കിയോ വേദിയാവുന്ന ഒളിംപിക്‌സിൽ പങ്കെടുക്കാനായി 120ഓളം ഇന്ത്യന്‍ താരങ്ങളാണ് ഇതിനകം യോഗ്യത നേടിയത്. ജൂലൈ 23ന് ആരംഭിക്കുന്ന ഒളിംപിക്‌സിലേക്ക് ഈ മാസം 17 നാണ് ഇന്ത്യയുടെ ആദ്യ സംഘം പുറപ്പെടുന്നത്. ടോക്കിയോയിൽ എത്തിയാൽ മൂന്ന് ദിവസം ടീം അംഗംങ്ങൾ ക്വാറന്‍റീനിൽ കഴിയണം. ഈസമയം മറ്റ് രാജ്യങ്ങളിൽ നിന്നുള്ളവരുമായി ഇടപഴുകാൻ പാടില്ല.

കൊവിഡ് സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് ഒളിംപിക്‌സിനെത്തുന്നവര്‍ക്ക് ടോക്കിയോയിൽ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നടക്കേണ്ടിയിരുന്ന ഒളിംപിക്‌സ് കൊവിഡ് മഹാമാരിയെ തുടര്‍ന്ന് ഈ വര്‍ഷത്തേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ കൊവിഡിന്‍റെ ഡെല്‍റ്റ വകഭേദം നഗരത്തില്‍ പടരുന്ന സാഹചര്യത്തില്‍ ടോക്കിയോയിൽ ആരോഗ്യ അടിയന്തരാവസ്ഥയ്ക്കി‌ടയിലാണ് ഒളിംപിക്‌സ് മത്സരങ്ങള്‍ നടക്കുക. ജൂലെ 12 മുതല്‍ ഓഗസ്റ്റ് 22 വരെയാണ് അരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നത്. വേദികളില്‍ കാണികളെ പ്രവേശിപ്പിക്കില്ലെന്ന് ഒളിംപിക്‌സ് സംഘാടകര്‍ അറിയിച്ചിട്ടുണ്ട്.