India Kerala

കെ.എ.എസില്‍ എല്ലാ സ്ട്രീമിലും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം

കേരള ഭരണ സര്‍വീസില്‍ എല്ലാ സ്ട്രീമിലും സംവരണം നടപ്പാക്കണമെന്നാവശ്യപ്പെട്ട് പ്രക്ഷോഭം ശക്തം. വെല്‍ഫെയര്‍ പാര്‍ട്ടി സെക്രട്ടറിയേറ്റ് മാര്‍ച്ചും കേരള റീജിയണ്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സെക്രട്ടറിയേറ്റ് ധര്‍ണയും സംഘടിപ്പിച്ചു. സംവരണ നിഷേധത്തിനെതിരെ സംവരണ മെമ്മോറിയല്‍ സംഘടിപ്പിക്കുമെന്ന് വെല്‍ഫയര്‍ പാര്‍ട്ടി പറഞ്ഞു.

മ്യൂസിയത്തില്‍ നിന്ന് ആരംഭിച്ച വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ച് സെക്രട്ടറിയേറ്റിലെ സമര ഗേറ്റ് മുന്നില്‍ പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന സമ്മേളനം വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന പ്രസിഡണ്ട് ഹമീദ് വാണിയമ്പലം ഉദ്ഘാടനംചെയ്തു. സംവരണ നിഷേധത്തിലൂടെ സവര്‍ണാധിപത്യത്തെ ഊട്ടിയുറപ്പിക്കാനാണ് സി.പി.എം നേതൃത്വം നല്‍കുന്ന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹമീദ് വാണിയമ്പലം പറഞ്ഞു.

മുന്നാക്ക സംവരണം നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തെതിരെ പ്രക്ഷോഭം ശക്തമാക്കുമെന്നും വെല്‍ഫയര്‍ പാര്‍ട്ടി പറഞ്ഞു. വിവിധ പിന്നാക്ക സംഘടനകളെ പ്രതിനിധീകരിച്ച് ഫാദര്‍ തിയോദേഷ്യസ്, പ്രൊഫസര്‍ അബ്ദുല്‍ റഷീദ്, വിഷ്ണുപുരം ചന്ദ്രശേഖരന്‍, കുട്ടപ്പന്‍ ചെട്ടിയാര്‍ മെഷശ കൊല്ലം റെജി പേരൂര്‍ക്കട ഷംസുദ്ദീന്‍ മന്നാനി തുടങ്ങിയവര്‍ സംസാരിച്ചു. കേരള റീജ്യണല്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ സംഘടിപ്പിച്ച സെക്രട്ടറിയേറ്റ് ധര്‍ണ്ണയിലും നിരവിധി പേര്‍ പങ്കെടുത്തു.

കെ.എ.സിന്റെ അന്തിമ വിജ്ഞാപനം ഇറക്കുന്നത് സര്‍ക്കാര്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പുവരെ മരവിപ്പിച്ചെങ്കിലും സംവരണം ഉറപ്പുവരുത്തന്നത് വരെ പ്രതിഷേധത്തില്‍ നിന്ന് പിന്മാറില്ലെന്ന് നിലപാടിലാണ് പിന്നാക്ക സംഘടനകള്‍.