പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് വരാണസിയില്‍ നാമ നിര്‍ദേശ പത്രിക സമര്‍പ്പിക്കും. പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയും ക്ഷേത്ര സന്ദര്‍ശനവും കഴിഞ്ഞായിരിക്കും മോദിയുടെ പത്രിക സമര്‍പ്പണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഇന്ന് ഒഡീഷയില്‍ പ്രചരണത്തിനെത്തും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള പരിപാടികള്‍ക്ക് രാവിലെ 8 മണിയോടെ തുടക്കമാകും. ആദ്യം ബൂത്ത് തല പ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയാണ്. ശേഷം ക്ഷേത്ര സന്ദര്‍ശനം. 10 മണിയോടെ കാല്‍ ഭൈരവ ക്ഷേത്രത്തിലെത്തും. രണ്ട് മണിക്കൂര്‍ അവിടെ ചെലവഴിക്കും. അതിന് ശേഷമായിരിക്കും പത്രിക സമര്‍പ്പണത്തിനായി കളക്ടറേറ്റിലേക്ക് പോകുക. 12 മണിക്കും ഒരു മണിക്കും ഇടയിലായി പത്രിക സമര്‍പ്പിക്കും. കൂടെ ദേശീയ അധ്യക്ഷന്‍ അമിത്ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അടക്കമുള്ള നേതാക്കളും അകമ്പടി സേവിക്കും.
വരാണസിയില്‍ ഇന്നലെ എത്തിയ നരേന്ദ്രമോദി വൈകീട്ട് മെഗാ റോഡ്ഷോ നടത്തിയിരുന്നു. വന്‍ ജനപങ്കാളിത്തമുള്ള റോഡ് ഷോക്ക് ശേഷം ദശാശ്വമേധ ഗട്ടില്‍ പ്രത്യേക പൂജയും നടത്തിയിരുന്നു. ബി.ജെ.പി ശക്തി പ്രകടനം കൂടിയായിരുന്നു റോഡ് ഷോ. പ്രിയങ്ക ഗാന്ധി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ അവസാനിപ്പിച്ച് അജയ് റായിയെ ഇന്നലെ കോണ്‍ഗ്രസ് വരാണസിയില്‍ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു. ശാലിനി യാദവാണ് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥി. ഒഡീഷയിലാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ഇന്നത്തെ പ്രചരണം. ബലസോര ജഗത്സിങ് പൂര്‍ ജില്ലകളില്‍ രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും.