India National

“വാഗ്ദാനം ചെയ്ത 15 ലക്ഷം തന്നില്ല” മോദിക്കും അമിത് ഷായ്ക്കുമെതിരെ വഞ്ചനാക്കുറ്റത്തിന് കേസ്

അധികാരത്തിൽ എത്തിയാൽ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപം നൽകുമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർക്കെതിരെ സമർപ്പിക്കപ്പെട്ട കേസിൽ റാഞ്ചി കോടതി നടപടികൾ തുടങ്ങി. വഞ്ചനാക്കുറ്റം ആരോപിച്ച് അഭിഭാഷകനായ എച്ച് കെ സിംഗാണ് ഇരുവർക്കുമെതിരെ കേസ് നൽകിയിരിക്കുന്നത്. കേന്ദ്ര മന്ത്രി രാംദാസ് അത്താവാലെയാണ് മൂന്നാം പ്രതിയായി ഉൾപ്പെടുത്തിയിരിക്കുന്നത്.

അധികാരത്തിൽ എത്തിയാൽ എല്ലാവരുടെയും ബാങ്ക് അക്കൗണ്ടിൽ 15 ലക്ഷം രൂപം നൽകുമെന്ന് വാഗ്ദാനം ചെയ്ത് വഞ്ചിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും എതിരെ പരാതി നൽകിയത്. ഐ.പി.സി 412, 420 എന്നീ വകുപ്പുകൾ പ്രകാരമാണ് പരാതി നൽകിയിരിക്കുന്നത്. ജന പ്രാതിനിധ്യ നിയമത്തിലെ 123 (ബി) വകുപ്പും ഉൾപ്പെടുത്തിയിട്ടുണ്ട്.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള തെരഞ്ഞെടുപ്പ് പ്രകടന പത്രികയിൽ ബി.ജെ.പി നൽകിയ പ്രധാന വാഗ്ദാനങ്ങളിലൊന്നായതിനാലാണ് സർക്കാർ പൗരത്വ ഭേദഗതി നിയമം (സി.എ.എ) അവതരിപ്പിച്ചതെന്നാണ് അമിത് ഷാ പറയുന്നത്. പൗരത്വ നിയമഭേദഗതിയിലെ വാഗ്ദാനം പാലിക്കാമെങ്കിൽ എന്തുകൊണ്ടാണ് എല്ലാവരുടെയും അക്കൗണ്ടിലേക്ക് 15 ലക്ഷം രൂപ എന്ന വാഗ്ദാനം അവഗണിക്കുന്നതെന്ന് എച്ച് കെ സിംഗ് ചോദിക്കുന്നു. മാർച്ച് രണ്ടാം തീയതി കോടതി കേസ് വീണ്ടും പരിഗണിക്കും.

എന്നാൽ എല്ലാ അക്കൗണ്ട് ഉടമകൾക്കും 15 ലക്ഷം രൂപ ലഭിക്കുമെന്ന് ഒരിക്കലും ബിജെപി നേതാക്കൾ വാഗ്ദാനം ചെയ്തിട്ടില്ലെന്നും ഇത്തരം ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ബി.ജെ.പി വക്താവ് പ്രതുൽ ഷഹ്ദെയോ കൂട്ടിച്ചേർത്തു.