സമാധാന പ്രതിഷേധങ്ങൾ ജനാധിപത്യത്തെ ശക്തിപ്പെടുത്തുമെന്ന് മുൻ രാഷ്ട്രപതി പ്രണബ് മുഖർജി. ഡൽഹിയിൽ ആദ്യ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ സുകുമാർ സെൻ അനുസ്മരണ ചടങ്ങിൽ പ്രഭാഷണം നടത്തുകയായിരുന്നു പ്രണബ്.
വിയോജിപ്പുകളിൽ കൂടി ജനാധിപത്യം അഭിവൃദ്ധിപ്പെടുമെന്ന് പറഞ്ഞ പ്രണബ് മുഖര്‍ജി അമിത ആത്മവിശ്വാസം സ്വേച്ഛാധിപത്യ പ്രവണതകളെ ശക്തിപ്പെടുത്തുമെന്നും ചൂണ്ടിക്കാട്ടി. പൗരത്വ നിയമത്തേയോ പൗരത്വ രജിസ്റ്ററിനേയോ നേരിട്ട് പരാമർശിച്ചില്ലെങ്കിലും യുവാക്കൾ ഭരണഘടനയിൽ വിശ്വാസമർപ്പിക്കുന്നത് കാണുന്നത് ഉത്സാഹമുണ്ടാക്കുന്നതായും മുൻ രാഷ്ട്രപതി പറഞ്ഞു.
കഴിഞ്ഞ കുറച്ചുനാളുകളായി വലിയ തോതിൽ യുവാക്കളടക്കമുള്ളവർ തെരുവിൽ പ്രതിഷേധിക്കുകയാണ്. അവരുടെ അഭിപ്രായങ്ങളും പ്രധാനപ്പെട്ടവയാണ്. ഇന്ത്യൻ ഭരണഘടനയിലുള്ള അവരുടെ വിശ്വാസം പ്രചോദനകരമാണെന്ന് അദ്ദേഹം പറഞ്ഞു. നെഹ്റുവിന്റെ കാലത്തിനു ശേഷം ഇന്ത്യയിൽ പട്ടാളഭരണം വരുമെന്നു പ്രവചിച്ചവരുണ്ട്. എന്നാല്‍ അതു തെറ്റാണെന്ന് ജനാധിപത്യ തെരഞ്ഞെടുപ്പുകളിലൂടെ തെളിയിക്കാൻ ഇന്ത്യയിലെ ജനങ്ങൾക്കായെന്ന് പ്രണബ് മുഖര്‍ജി കൂട്ടിച്ചേര്‍ത്തു.