India National

ഡോ. പായൽ തദ്‌വിയുടെ ആത്മഹത്യാ കുറിപ്പ് ഫോണിൽ നിന്ന് വീണ്ടെടുത്തു; കുറ്റാരോപിതരുടെ പേരുകൾ പരാമര്‍ശിക്കുന്നുണ്ടെന്ന് റിപ്പോർട്ട്

ജാതി അധിക്ഷേപം മൂലം മുംബൈയില്‍ ജൂനിയര്‍ ഡോക്ടറായ പായൽ തദ്‌വി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക തെളിവ് കണ്ടെത്തി. കുറ്റാരോപിതരായ പായലിന്റെ സീനിയറായിരുന്ന ഡോക്റ്റര്‍മാരായ ഹേമ അഹുജ, അങ്കിത ഖണ്ഡേൽവാൽ, ഭക്തി മെഹരേ എന്നിവരുടെ പേരുകൾ പരാമർശിക്കുന്ന ആത്മഹത്യാ കുറിപ്പ് മൊബൈലിൽ നിന്ന് വീണ്ടെടുത്തു.

പായൽ തദ്‌വി സീനിയര്‍മാരിൽ നിന്നുള്ള പീഡനം സഹിക്കവയ്യാതെ ആത്മഹത്യ ചെയ്തതാണെന്ന വാദം പോലീസ് കോടതി നടപടികളിലുടനീളം ഉയർത്തിയപ്പോഴും ആത്മഹത്യാ കുറിപ്പിന്റെ അഭാവം പ്രോസിക്യൂഷന് മുൻപിൽ വലിയൊരു കടമ്പ തന്നെയായിരുന്നു. ഫോറൻസിക്ക് വിഭാഗത്തിന്റെ അന്വേഷണങ്ങളിലൂടെ കണ്ടെടുത്ത ആത്മഹത്യാ കുറിപ്പിന്റെ ഫോട്ടോയിൽ ഇപ്പോൾ കുറ്റാരോപിതരായി കസ്റ്റഡിയിലുള്ള ഡോക്റ്റർമാരുടെ പേരുകൾക്കൊപ്പം അവരെങ്ങനെയാണ് പായലിനെ ജാതിപരമായും മറ്റും അധിക്ഷേപിച്ചു ഒറ്റപ്പെടുത്താൻ ശ്രമിച്ചത് എന്നതിനെ കുറിച്ചുള്ള വിവരങ്ങളുമുണ്ടെന്നാണ് വിവരം.

ഗവർമെന്റ് ആശുപത്രികളിൽ ജോലി ചെയ്യുമ്പോഴുള്ള ജോലി ഭാരങ്ങളുടെ സമ്മർദ്ദം താങ്ങാൻ വയ്യാതെയാണ് പായൽ തദ്‌വി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റാരോപിതരായ സീനിയർ ഡോക്റ്റർമാർ ഇത് വരെ സ്വീകരിച്ചിരുന്ന നിലപാട്. ആത്മഹത്യാ കുറിപ്പിന്റെ ഫോട്ടോ കണ്ടെടുത്തതോടെ പായലിന്റെ റൂമിൽ നിന്ന് കുറിപ്പിന്റെ ഒറിജിനൽ കോപ്പി മാറ്റിയതാരെന്ന ചോദ്യം വീണ്ടുമുയരുന്നു. കുറ്റാരോപിതരിൽ രണ്ടു പേര്‍ പായലിന്റെ റൂമിൽ മൂന്നു മിനിറ്റോളം ചിലവഴിച്ചിട്ടുണ്ടെന്നും അതിനിടയിൽ ആത്മഹത്യാ കുറിപ്പും മറ്റു നിര്‍ണായക തെളിവുകളും നശിപ്പിച്ചുവെന്നുമാണ് പോലീസിന്റെ വാദം.

പായൽ തദ്‌വി ആത്മഹത്യാ കുറിപ്പ് തന്റെ മാതാവിനയച്ചു കൊടുക്കാനാണ് ഫോട്ടോ എടുത്തതെന്നും എന്തോ കാരണത്താൽ പിന്നീട് വേണ്ടെന്നു വെച്ചെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഫോറന്‍സിക്ക് വിഭാഗത്തിലെ ഉദ്യോഗസ്ഥരിലൊരാൾ വെളിപ്പെടുത്തി.

ആത്മഹത്യാ കുറിപ്പ് വീണ്ടെടുത്തത് സംബന്ധിച്ച് തികളാഴ്ചയാണ് കാളിന ഫോറൻസിക്ക് സയൻസ് ലാബ് ക്രൈം ബ്രാഞ്ചിന് വിവരം കൈമാറിയത് . വ്യാഴാഴ്ച ഈ വിവരം മുദ്ര വെച്ച കവറിൽ പോലീസ് ബോംബേ ഹൈക്കോടതിക്ക് കൈമാറുകയും ചെയ്തിരുന്നു. വീണ്ടെടുത്ത ആത്മഹത്യാ കുറിപ്പിന്റെ ആധികാരികത കയ്യെഴുത്തു വിദഗ്‌ധർ വഴി ഉറപ്പ് വരുത്താൻ കോടതി ക്രൈംബ്രാഞ്ചിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം മൂന്നു കുറ്റാരോപിതരുടെയും ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് ജസ്റ്റിസ് സാധന ജാദവ് ജൂലൈ 16 ലേക്ക് മാറ്റി വെച്ചു. കേസിന്റെ അന്വേഷണം രണ്ടാഴ്ചക്കകം പൂർത്തീകരിക്കുമെന്നും പ്രോസിക്ക്യൂഷൻ കോടതിയെ അറിയിച്ചിട്ടുണ്ട്.