India National

ആദ്യ പാര്‍ലമെന്റ് സമ്മേളനം ഈ മാസം 17ന് തുടങ്ങും; ജൂലൈ 5ന് പൊതു ബജറ്റ്

രണ്ടാം നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരമേറ്റ ശേഷമുള്ള ആദ്യ പാര്‍ലമെന്റ് സമ്മേളനം ഈ മാസം 17ന് ആരംഭിക്കും. ജൂലൈ 26 വരെയാണ് സമ്മേളനം . 19നാണ് സ്പീക്കര്‍ തെരഞ്ഞെടുപ്പ് . 20ന് രാഷ്ട്രപതി നയപ്രഖ്യാപനം നടത്തും. ജൂലൈ അഞ്ചിനാണ് പൊതു ബജറ്റ്.

ഈ മാസം അഞ്ച് മുതല്‍ 15 വരെയാകും രണ്ടാം മോദി സര്‍ക്കാറിന്റെ ആദ്യ പാര്‍ലമെന്റ് സമ്മേളനം എന്നായിരുന്നു നേരത്തെയുള്ള വാര്‍ത്തകള്‍. എന്നാല്‍ ഈ മാസം 17 മുതല്‍ സമ്മേളനം തുടങ്ങാന്‍ ഇന്നത്തെ കാബിനറ്റില്‍ തീരുമാനിക്കുകയായിരുന്നു. പ്രോടേം സ്പീക്കറുടെ തെരഞ്ഞെടുപ്പും എം.പിമാരുടെ സത്യപ്രതിജ്ഞയുമാണ് സമ്മേളനത്തിന്റെ തുടക്കത്തില്‍ നടക്കുക. ഈ മാസം 17ന് പ്രോടേം സ്പീക്കറുടെ തെരഞ്ഞെടുപ്പ് നടക്കും. കീഴ് വഴക്കമനുസരിച്ച് മുതിര്‍ന്ന അംഗമാണ് പ്രോടേം സ്പീക്കറാകേണ്ടത്. അങ്ങനെയെങ്കില്‍ കൊടിക്കുന്നില്‍ സുരേഷിനാണ് സാധ്യത കല്പിക്കപ്പെട്ടിരുന്നത്. എന്നാല്‍ മേനക ഗാന്ധി പ്രോടേം സ്പീക്കറായേക്കുമെന്നാണ് സര്‍‍ക്കാര്‍ വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചന. ശേഷം എം.പിമാര്‍ സത്യപ്രതിജ്ഞ ചെയ്യും. 19ന് പുതിയ ലോക്സഭ സ്പീക്കറെ എം.പിമാര്‍ തെരഞ്ഞെടുക്കും. സ്പീക്കര്‍ സ്ഥാനത്തും മേനക ഗാന്ധി തുടരുമെന്നാണ് സൂചന. ജൂണ്‍ 20ന് ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ രാഷ്ട്രപതി രാംനാഥ് കോവിന്ദ് അഭിസംബോധന ചെയ്യും. ജൂലൈ അഞ്ചിന് രണ്ടാം മോദി സര്‍ക്കാര്‍ ആദ്യ പൊതു ബജറ്റ് അവതരിപ്പിക്കും.