India National

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം; ഇന്ത്യന്‍ സേന തിരിച്ചടിക്കുന്നു

സമാധാന ശ്രമങ്ങള്‍ക്കിടയിലും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുന്നു. ഉച്ചയോടെ രജൌരിയിലെ നൌഷേര സെക്ടറിലാണ് പാകിസ്താന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. നേരത്തെ പൂഞ്ചില്‍ പാകിസ്ഥാന്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ 3 പേര്‍ കൊല്ലപ്പെട്ടിരുന്നു.

വ്യോമ സേന വിങ് കമാന്‍ണ്ടര്‍ അഭിനന്ദന്‍ വര്‍ധമാനെ സമാധാന ശ്രമങ്ങളുടെ ഭാഗമായാണ് ഇന്ത്യക്ക് കൈമാറിയതെന്ന് പാകിസ്ഥാന്‍ അവകാശപ്പെടുമ്പോഴും അതിര്‍ത്തിയില്‍ പാക് പ്രകോപനം തുടരുകയാണ്. അതിര്‍ത്തി ഗ്രാമങ്ങളില്‍ ഭീതിയിലാണ് ജനം. ഇതിനിടയില്‍ കഴിഞ്ഞ രാത്രി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് പൂഞ്ചിലെ സലോത്രി ഗ്രാമത്തില്‍ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തി. ആക്രമണത്തില്‍ 9 മാസം പ്രായമായ ഷബ്നം, 5 വയസുള്ള ഫസല്‍, ഇവരുടെ മാതാവ് റുബാന എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ പിതാവ് മുഹമ്മദ് യുനിസിന് പരിക്കുണ്ട്. ഷെല്ലുകളും തോക്കുകളും ഉപയോഗിച്ചായിരുന്നു ആക്രമണം. കുപ്വാര ജില്ലയിലെ ഹന്ദ്വാരയിലും ശക്തമായ ഏറ്റുമുട്ടലാണ് ഉണ്ടായത്. സൈനിക പരിശോധനക്കിടെ ഇന്നലെ 6 മണിക്ക് ആരംഭിച്ച ഏറ്റുമുട്ടല്‍ മണിക്കൂറുകളോളം നീണ്ടു നിന്നു. 2 ഭീകരരെ വധിക്കാന്‍ സൈന്യത്തിനായി. 1 ഗ്രാമീണനും 2 സിആര്‍പിഎഫ് ജവാന്‍മാരും പൊലീസും അടക്കം 5 പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു.

ശക്തമായ തിരിച്ചടി സൈന്യം നല്‍കുന്നുണ്ടെന്നും അത് തുടരുമെന്നും സൈനിക വ്യത്തങ്ങള്‍ വ്യക്തമാക്കി.