India National

ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ സംസ്ഥാനങ്ങളിലും പദയാത്രയുമായി കോണ്‍ഗ്രസും ബിജെപിയും

ഗാന്ധി ജയന്തി ദിനത്തില്‍ എല്ലാ സംസ്ഥാനത്തും പദയാത്രയുമായി കോണ്‍ഗ്രസും ബിജെപിയും. കോണ്‍ഗ്രസ് പദയാത്രക്ക് ഡല്‍ഹിയില്‍ അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ലഖ്നൌവില്‍ പ്രിയങ്ക ഗാന്ധിയും നേതൃത്വം നല്‍കും. 120 ദിവസം നീണ്ടു നിൽക്കുന്ന ബിജെപി പരിപാടിക്കാണ് ആഭ്യന്തര മന്ത്രി അമിത് ഷാ രാം ലീല മൈതാനത്ത് തുടക്കമിടുക.

ഗാന്ധിയൻ മാത്യകയിലാണ് കോൺഗ്രസ് പദയാത്ര. ദീൻ ദയാൽ മാർഗിലെ ഡൽഹി പ്രദേശ് കോൺഗ്രസ് ഓഫീസിൽ നിന്നും മഹാത്മാ ഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലമായ രാജ്ഘട്ടിലേക്കാണ് അധ്യക്ഷ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയും പദയാത്ര നടത്തുന്നത്. ലഖ്നൌവില്‍ പ്രിയങ്ക ഗാന്ധിയും പദയാത്രനടത്തും. എല്ലാ സംസ്ഥാനങ്ങളിലും മുതിര്‍ന്ന നേതാക്കളാണ് പദയാത്രക്ക് നേത്യത്വം നൽകുക. മഹാത്മ ഗാന്ധിക്ക് മേല്‍ അവകാശവാദം ഉന്നയിക്കുന്ന ബിജെപി നീക്കങ്ങളെ ചെറുക്കുകയാണ് ലക്ഷ്യം.

മലയാളിയും ഗാന്ധിയനുമായ പി.വി രാജഗോപാലിന്റെ ഏകതാ പരിഷത്തിന്റെ നേതൃത്വത്തിലുള്ള 121 ദിവസം നീണ്ടുനില്‍ക്കുന്ന ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലൂടെയുള്ള യാത്രയ്ക്കും രാജ്ഘട്ടിൽ തുടക്കമാകും. ഗാന്ധിയൻമാർ, ദളിത്-സാമൂഹ്യ പ്രവർത്തകർ, എഴുത്തുകാര്‍ തുടങ്ങിയവർ സമാധാന സന്ദേശവുമായി ജയ് ജഗത്ത് എന്ന പേരില്‍ രാജ്ഘട്ടില്‍ നിന്നും കാൽനടയാത്ര ആരംഭിക്കുന്നുണ്ട്. 2020 സെപ്റ്റംബർ 26ന് ജനീവയിൽ സമാപിക്കും വിധമാണ് യാത്ര. അതേസമയം ആഭ്യന്തര മന്ത്രി അമിത് ഷായാണ് ബിജെപിയുടെ ഗാന്ധി സങ്കല്‍പ് യാത്രക്ക് രാംലീല മൈതാനത്ത് തുടക്കമിടുക. 2020 ജനുവരി 31ന് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദനാഘോഷത്തോടെ അവസാനിപ്പിക്കും വിധമാണ് യാത്ര.