India National

പൗരത്വ നിയമ ഭേദഗതിക്ക് പകരം കുടിയേറ്റക്കാർക്കായി പുതിയ നിയമം കൊണ്ടുവരണമെന്ന് പി. ചിദംബരം

പൗരത്വ നിയമ ഭേദഗതിക്ക് പകരം കുടിയേറ്റക്കാർക്കായി പുതിയ നിയമം കൊണ്ടുവരണമെന്ന് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം.

എൻ.പി.ആറിനെ രാഷ്ട്രീയമായും പൗരത്വ ഭേദഗതി നിയമത്തെ നിയമപരമായും നേരിടണം. പൌരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീംകോടതി തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്നും ചിദംബരം പറഞ്ഞു. ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ മതത്തിന്റെ പേരിൽ പൗരത്വം നിഷേധിക്കുന്നത് അംഗീകരിക്കാനാവില്ല.

അസമിൽ നടപ്പാക്കിയ ദേശീയ പൗരത്വ റജിസ്റ്ററിന്റെ പാളിച്ച മറച്ചുവയ്ക്കാനാണ് ബി.ജെ.പി പൗരത്വഭേദഗതി നിയമം കൊണ്ടുവന്നത്. ജനസംഖ്യ കണക്കെടുക്കാൻ സെൻസസ് മതി, എൻ.പി.ആറിന്റെ ആവശ്യമില്ല.

സംസ്ഥാനസർക്കാരുകൾ മുൻകൈയ്യെടുത്താൽ എൻ.പി.ആർ നടപടികൾ നിർത്തിവയ്ക്കാനാകും. കേരളവും ബംഗാളും ഇതിന്റെ ഉത്തമ ഉദാഹരണമാണ്. എൻപിആറിനെ രാഷ്ട്രീയമായി നേരിടണമെന്നും ചിദംബരം പറഞ്ഞു.

പൗരത്വഭേദഗതി നിയമം, ദേശീയ പൗരത്വ റജിസ്റ്റർ, ദേശീയ ജസസംഖ്യ രജിസ്റ്റർ തുടങ്ങിയ വിഷയങ്ങളെക്കുറിച്ച് ജവഹർലാൽ നെഹ്റു സർവകലാശാലയിൽ സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു പി.ചിദംബരം.