പാര്‍ലമെന്റിലെ അനിഷ്ട സംഭവങ്ങളില്‍ പ്രതിഷേധിച്ച് പ്രതിപക്ഷ അംഗങ്ങള്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ ധര്‍ണ നടത്തി. പാര്‍ലമെന്റ് നടപടികള്‍ ജനാധിപത്യ വിരുദ്ധമായി സംഘടിപ്പിച്ചതിനെതിരെയാണ് പ്രതിഷേധം നടത്തിയത്. ഗാന്ധി പ്രതിമയ്ക്ക് മുന്നിലെ പ്രതിഷേധത്തിന് ശേഷം അംഗങ്ങള്‍ വിജയ് ചൗക്കിലേക്കും മാര്‍ച്ച് നടത്തി.
പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍, കര്‍ഷക പ്രക്ഷോഭം, എന്നിവയിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റ് സമ്മേളന കാലത്ത് സര്‍ക്കാര്‍ സ്വീകരിച്ചത് ജനാധിപത്യ വിരുദ്ധ നടപടിയാണെന്ന് നേതാക്കള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ധര്‍ണയ്ക്ക് രാഹുല്‍ ഗാന്ധി മുന്‍നിരയിലുണ്ടായിരുന്നു. കേരളത്തില്‍ നിന്നുള്ള എംപിമാരും പതിനഞ്ചോളം പ്രതിപക്ഷ പാര്‍ട്ടി പ്രതിനിധികളും വിജയ് ചൗക്കിലെ മാര്‍ച്ചില്‍ പങ്കെടുത്തു.
പെഗസിസ് വിഷയം പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യാതെ സഭാനടപടികള്‍ വെട്ടിച്ചുരുക്കിയതിലും പ്രതിപക്ഷക്കിന് നീരസമുണ്ട്. പ്രതിപക്ഷത്തെ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുവദിച്ചില്ലെന്നും രാജ്യം അപമാനിക്കപ്പെട്ടെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിപക്ഷ നേതാക്കള്‍ ഉച്ചയോടെ ഉപരാഷ്ട്രപതിയെ കാണും. ഇന്ധനവില ഉള്‍പ്പെടെയുള്ള വിഷയങ്ങളും ചര്‍ച്ച ചെയ്യും. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു. പെഗസിസ് വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ടുള്ള പോസ്റ്ററുകളും ബാനറുകളും വഹിച്ചുകൊണ്ടായിരുന്നു മാര്‍ച്ച്.