ന്യൂഡൽഹി: വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ എൻ.ഐ.എക്ക് അധികാരം നൽകുന്ന യു.എ.പി.എ ഭേദഗതി ബിൽ ലോക്‌സഭ പാസാക്കി. 287 എം.പിമാർ നിയമഭേദഗതിക്ക് അനുകൂലമായി വോട്ട് രേഖപ്പെടുത്തിയപ്പോൾ മുസ്‌ലിം ലീഗ് എം.പിമാർ അടക്കം എട്ടുപേർ മാത്രമാണ് ബില്ലിനെ എതിർത്തു വോട്ട് ചെയ്തത്. കോൺഗ്രസ്, സി.പി.എം അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
മുസ്‌ലിം ലീഗ് അംഗങ്ങളായ ഇ.ടി മുഹമ്മദ് ബഷീർ, പി.കെ കുഞ്ഞാലിക്കുട്ടി, നവാസ് കനി, എ.ഐ.എം.ഐ.എം അംഗങ്ങളായ അസദുദ്ദീൻ ഉവൈസി, ഇംതിയാസ് ജലീൽ, നാഷണൽ കോൺഫറൻസിന്റെ ഹസ്‌നൈൻ മസൂദി, മുഹമ്മദ് അക്ബർ ലോൺ, എ.ഐ.യു.ഡി.എഫ് അംഗം ബദ്‌റുദ്ദീൻ അജ്മൽ എന്നിവരാണ് എതിർത്ത് വോട്ട് രേഖപ്പെടുത്തിയത്.
അന്വേഷിക്കുന്ന കേസിലെ പ്രതികളുടെ വസ്തുവകകൾ പിടിച്ചെടുക്കുന്നതിന് എൻ.ഐ.എ ഡയറക്ടർ ജനറലിന് അധികാരം നൽകുന്നതും വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ ഏജൻസിക്ക് അനുവാദം നൽകുന്നതുമടക്കമുള്ള ഭേദഗതികളാണ് ബില്ലിലുള്ളത്. വ്യക്തികളെ ഭീകരവാദികളായി പ്രഖ്യാപിക്കാൻ അന്വേഷണ ഏജൻസികൾക്ക് അധികാരം നൽകുന്ന വകുപ്പ് അമേരിക്കയും പാകിസ്താനും ചൈനയും ഇസ്രയേലും അടക്കമുള്ള രാജ്യങ്ങളിൽ ഉണ്ടെന്ന് അമിത് ഷാ പറഞ്ഞു.
ഭരണഘടന ആർട്ടിക്കിൾ 21-ന്റെ ലംഘനമാണ് ബില്ലെന്നും ജുഡീഷ്യൽ അവകാശങ്ങളെ ഇത് മറികടക്കുന്നുവെന്നും എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീൻ ഉവൈസി ആരോപിച്ചു. ഇത്തരം നിയമങ്ങൾ ഉണ്ടാക്കിയതിന് കോൺഗ്രസിനെ കുറ്റപ്പെടുത്തിയ ഉവൈസി, ഏതെങ്കിലും കോൺഗ്രസ് നേതാവ് ഈ നിയമപ്രകാരം അറസ്റ്റിലാകുമ്പോഴേ അവർ പഠിക്കൂ എന്നും അഭിപ്രായപ്പെട്ടു.
എതിരഭിപ്രായങ്ങളെയും മാധ്യമസ്വാതന്ത്ര്യത്തെയും അടിച്ചമർത്താൻ വേണ്ടി യു.എ.പി.എ നിയമം ഉപയോഗിക്കപ്പെടുന്നുണ്ടെന്നും ഇത് നിയമരാഹിത്യത്തിലേക്കാണ് കാര്യങ്ങൾ കൊണ്ടുചെന്നെത്തിക്കുക എന്നും മുസ്ലിം ലീഗ് എം.പി ഇ.ടി മുഹമ്മദ് ബഷീർ പറഞ്ഞു. ബിൽ സർക്കാർ സ്‌പോൺസർ ചെയ്യുന്ന ഭീകരതയാണെന്നും എതിർശബ്ദങ്ങളെ ഇല്ലാതാക്കാൻ വേണ്ടിയാണ് ഇത് ഉപയോഗപ്പെടുത്തുകയെന്നും വി.സി.കെ അംഗം തോൽ തിരുമവളൻ ആരോപിച്ചു. സമുദായങ്ങളെ തമ്മിലടിപ്പിക്കുന്നതിനു വേണ്ടിയുള്ളതാണ് ബില്ലെന്ന് സി.പി.ഐ അംഗം സുബ്ബരായൻ പഞ്ഞു. ചെറിയ വിയോജിപ്പുകളുടെ പേരിൽ പോലും ജനങ്ങളെ രാജ്യദ്രോഹികളെന്ന് മുദ്രകുത്താൻ ബിൽ കാരണമാകുമെന്ന് എ.ഐ.യു.ഡി.എഫ് നേതാവ് ബദ്‌റുദ്ദീൻ അജ്മൽ പറഞ്ഞപ്പോൾ, നിരപരാധികളെ പീഡിപ്പിക്കാൻ നിയമം ഉപയോഗിക്കപ്പെടാമെന്ന് എൻ.കെ പ്രേമചന്ദ്രൻ പറഞ്ഞു.
ബിൽ സ്റ്റാന്റിംഗ് കമ്മിറ്റിക്ക് വിടണമെന്നാണ് കോൺഗ്രസ് ലോക്‌സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടത്. വോട്ടെടുപ്പ് നടന്നപ്പോൾ കോൺഗ്രസും സി.പി.എമ്മും അടക്കമുള്ളവർ സഭ വിട്ടു. എട്ടു പേർ മാത്രമാണ് വിയോജിപ്പ് രേഖപ്പെടുത്തിയത്.