പശ്ചിമ ബംഗാളിൽ സർക്കാരിനെതിരെ ബിജെപി പ്രവർത്തകർ നടത്തിയ മാർച്ചിൽ സംഘർഷം. പൊലീസും പ്രവർത്തകരും ഏറ്റുമുട്ടി. പൊലീസ് വെടിവയ്പിൽ പ്രവർത്തകൻ കൊല്ലപ്പെട്ടെന്ന ആരോപണവുമായി ബിജെപി രംഗത്തെത്തി.
തൃണമൂല്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ സെക്രട്ടേറിയറ്റിന് പുറത്ത് നടത്തിയ സമരത്തിനിടെയാണ് സംഭവം. പ്രതിഷേധം അക്രമാസക്തമാകുകയും പൊലീസ് വെടിയുതിര്‍ക്കുകയും ചെയ്തെന്നാണ് ബിജെപി ആരോപിക്കുന്നത്. ബിജെപി പ്രവര്‍ത്തകനായ ഉലന്‍ റോയ് എന്ന 50കാരന് കൊല്ലപ്പെട്ടതായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് ആരോപിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് ചൊവ്വാഴ്ച 12 മണിക്കൂര്‍ ബന്ദിന് ബിജെപി ആഹ്വാനം ചെയ്തു.
അതേസമയം, സമരക്കാര്‍ക്കു നേരെ വെടിയുതിർത്തില്ലെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി. എന്നാല്‍ ഒരാള്‍ മരിച്ചതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.