പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമത്തിനുള്ള മാനദണ്ഡങ്ങള്‍ സുപ്രീംകോടതി റദ്ദാക്കി. നിയമത്തില്‍ മാനദണ്ഡങ്ങള്‍ വരുത്തിയ രണ്ടംഗ ബഞ്ചിന്‍റെ വിധി ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് റദ്ദാക്കിയത്. കേന്ദ്രം നല്‍കിയ റിവ്യൂ ഹരജി അംഗീകരിച്ചാണ് മൂന്നംഗ ബഞ്ചിന്‍റെ വിധി.
നിയമത്തിലെ ദുരുപയോഗങ്ങള്‍ ചൂണ്ടിക്കാട്ടി ജസ്റ്റിസുമാരായ എ.കെ ഗോയലും യു.യു ലളിതും പട്ടിക വിഭാഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമം നടപ്പാക്കുന്നതില്‍ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം നല്‍കിയ പുനപ്പരിശോധനാ ഹരജി അനുവദിച്ചാണ് നിയമത്തിലെ മാനദണ്ഡങ്ങള്‍ മുന്നംഗ ബഞ്ച് റദ്ദാക്കിയത്.
പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട വിഭാഗങ്ങളെ സംരക്ഷിക്കാനാണ് നിയമമെന്നും ഒറ്റപ്പെട്ട ദുരുപയോഗങ്ങള്‍ചൂണ്ടിക്കാണിച്ച് നിയമ സംരക്ഷണം എടുത്തുമാറ്റാനാകില്ലെന്നും കോടതി പറഞ്ഞു. ഇതോടെ ഇത്തരം കേസുകളിലെ കുറ്റാരോപിതർക്ക് ഇനി മുൻകൂർ ജാമ്യാപേക്ഷ നൽകാനാവില്ല. ഉന്നത ഉദ്യോഗസ്ഥരുടെ അനുമതി ഇല്ലാതെ പ്രതികളെ അറസ്റ്റ് ചെയ്യാം.
നിയമത്തില്‍ മാറ്റം വരുത്താനുള്ള അധികാരം നിയമ നിര്‍മാണ സഭകള്‍ക്കാണെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസ് അരുണ്‍ മിശ്ര, എം.ആര്‍ ഷാ, ബി.ആര്‍ ഗവായ് എന്നിവരാണ് കേന്ദ്രത്തിന്‍റെ പുനപ്പരിശോധനാ ഹരജി പരിഗണിച്ചത്.
രണ്ടംഗ ബഞ്ചിന്‍റെ വിധിക്കെതിരെ രാജ്യവ്യാപക പ്രക്ഷോഭം നടന്നിരുന്നു. ഇതിന് പിന്നാലെയാണ് പുനപ്പരിശോധനാ ഹരജിയുമായി സര്‍ക്കാര്‍ സുപ്രീം കോടതിയിലെത്തിയത്. രണ്ടംഗ ബഞ്ചിന്‍റെ വിധി മറികടക്കാന്‍ കേന്ദ്രം പാര്‍ലമെന്‍റില്‍ നിയമവും പാസ്സാക്കിയിരുന്നു.