Economy India

ചത്തീസ്ഗഡില്‍ പുതിയ പദ്ധതിയുമായി കോണ്‍ഗ്രസ്

കരിമ്പ് കര്‍ഷകര്‍ക്ക് ഏക്കറിന് 13,000 രൂപയും നെല്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 10,000 രൂപയുമാണ് ലഭിക്കുക..


കര്‍ഷകര്‍ക്ക് നേരിട്ട് പണം കൈമാറുന്ന പദ്ധതിയുമായി ചത്തീസ്ഗഡിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. രാജിവ് ഗാന്ധി കിസാന്‍ ന്യായ് സ്‌കീം എന്ന് പേരിട്ടിരിക്കുന്ന പദ്ധതിയിലെ ആദ്യഗഡുവായി 1500 കോടി രൂപ 19 ലക്ഷം കര്‍ഷകരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. മുന്‍ പ്രധാനമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ ചരമ വാര്‍ഷികത്തോടനുബന്ധിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയാണ് വീഡിയോ കോണ്‍ഫറന്‍സിലൂടെ പദ്ധതി പ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ 14 വ്യത്യസ്ത വിളകള്‍ കൃഷി ചെയ്യുന്ന കര്‍ഷകര്‍ക്ക് നാല് ഗഡുക്കളായി 5750 കോടി രൂപയാണ് ചത്തീസ്ഗഡിലെ ഭൂപേഷ് ബാഗല്‍ സര്‍ക്കാര്‍ പദ്ധതിക്ക് കീഴില്‍ വിതരണം ചെയ്യുക. കരിമ്പ് കര്‍ഷകര്‍ക്ക് ഏക്കറിന് 13000 രൂപയും നെല്‍ കര്‍ഷകര്‍ക്ക് ഏക്കറിന് 10000 രൂപയും ലഭിക്കും.

‘പദ്ധതിക്ക് കീഴില്‍ വരുന്ന 90 ശതമാനം പേരും പട്ടിക ജാതി – പട്ടിക വര്‍ഗ വിഭാഗങ്ങളും മറ്റു പിന്നോക്ക വിഭാഗക്കാരുമായ ദരിദ്രരാണ്. രണ്ടാം ഘട്ടത്തില്‍ ഭൂരഹിതരായ കര്‍ഷകരേയും പദ്ധതിയില്‍ ഉള്‍പ്പെടുത്തും. ഇതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി രൂപവത്കരിച്ചിട്ടുണ്ട്’

ഭൂപേഷ് ബാഗല്‍

കഴിഞ്ഞ ലോകസഭാ തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ക്കിടെ കുറഞ്ഞ കൂലി ഉറപ്പുവരുത്തുന്ന ന്യായ് പദ്ധതി കൊണ്ടുവരുമെന്ന് കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തിരുന്നു. കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ചത്തീസ്ഗഡിലാണ് ന്യായ് പദ്ധതി ആദ്യമായി നടപ്പാക്കുന്നത്. ഇതോടെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാന്‍ പഞ്ചാബ് തുടങ്ങിയ സംസ്ഥാനങ്ങളും സമാനമായ പദ്ധതി നടപ്പാക്കാനുള്ള സമ്മര്‍ദത്തിലായിട്ടുണ്ട്.

കേന്ദ്ര സര്‍ക്കാര്‍ കോവിഡ് ദുരിതത്തിനിടയിലും പാവപ്പെട്ടവര്‍ക്ക് നേരിട്ട് ധനസഹായം നല്‍കുന്ന പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നില്ല. പ്രതിസന്ധിയിലായ മനുഷ്യരെ എങ്ങനെ സഹായിക്കണമെന്നതിന് രാജ്യത്തിനാകെ മാതൃകയായ പദ്ധതിയെന്നാണ് സോണിയ ഗാന്ധി ചത്തീസ്ഗഡ് സര്‍ക്കാരിന്റെ പദ്ധതിയെ വിശേഷിപ്പിച്ചത്.