മഹാരാഷ്ട്ര, ഹരിയാന നിയമസഭ തെരഞ്ഞെടുപ്പിന് ഇന്നത്തോടെ അന്തിമ ചിത്രമാകും. നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം ഇന്ന് അവസാനിക്കും. വരും ദിവസങ്ങളില്‍ രണ്ടിടത്തും രാഷ്ട്രീയ പാര്‍ട്ടികൾ പ്രചാരണ രംഗം കൊഴുപ്പിക്കും.
നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള സമയം ഇന്ന് മൂന്ന് മണിയോടെ അവസാനിക്കും. ഇതോടെ എല്ലാ മണ്ഡലങ്ങളിലെയും പ്രമുഖ സ്ഥാനാര്‍ഥികളുടെ ചിത്രം വ്യക്തമാകും. തെരഞ്ഞെടുപ്പിന് മുന്നോടിയായി മദ്യവില്പനക്ക് കമ്മീഷന്‍ നിശബ്ദ പ്രചാരണ ദിവസം മുതല്‍ വോട്ടെടുപ്പ് തീരുംവരെ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് മുംബൈ സിറ്റി കളക്ടര്‍ ഇന്നലെ ഉത്തരവിറക്കി. മുന്നണികള്‍ക്കകത്ത് സീറ്റ് വിഭജനകളുടെ കാര്യത്തില്‍ ഇതിനകം ധാരണയായിട്ടുണ്ട്. വിവിധ വിഷയങ്ങള്‍ ആയുധമാക്കി വരും ദിവസങ്ങളിൽ രാഷ്ട്രീയ പാര്‍ട്ടികള്‍ പ്രചാരണക്കൊഴുപ്പിക്കും. മഹാരാഷ്ട്രയിൽ മുംബൈ മെട്രോ ഷെഡ് നിര്‍മാണത്തിനായി മരങ്ങള്‍ വെട്ടിയ സംഭവം വലിയ രാഷ്ട്രീയ വിവാദമാവുകയാണ്.
സംഭവത്തില്‍ പ്രതിഷേധിച്ച ശിവസേന നേതാക്കന്മാരെയടക്കം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കഴിഞ്ഞ ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട 29 പേര്‍ക്ക് ഇന്നലെ ജാമ്യം ലഭിച്ചിരുന്നു. എങ്കിലും ഇത് മുതലെടുക്കാനാകുമെന്ന പ്രതീക്ഷയാണ് കോണ്‍ഗ്രസും മറ്റ് പ്രതിപക്ഷ കക്ഷികളും. 90 സീറ്റുള്ള ഹരിയാനയില്‍ ബി.ജെ.പിക്കും കോണ്‍ഗ്രസിനും മുഴുവന്‍ സീറ്റിലും സ്ഥാനാര്‍ഥികളുണ്ടെങ്കിലും മുന്‍ പി.സി.സി പ്രസിഡന്റ് അശോക് തന്‍വാര്‍ രാജിവെച്ചത് കോണ്‍ഗ്രസിന് വലിയ തലവേദനയായേക്കും. തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചാല്‍ കര്‍ഷക ലോണുകള്‍ എഴുതി തള്ളുമെന്ന വാഗ്ദാനവുമായി ഇതിനകം കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഹരിയാനയില്‍ എന്‍.ആര്‍.സി അടക്കമുള്ള വിഷയങ്ങളും ചര്‍ച്ചയാകും.