India

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 87 ‘പ്രേത ഗ്രാമങ്ങളിൽ’ വോട്ടെടുപ്പില്ല

ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 87 ഗ്രാമങ്ങൾ വോട്ട് ചെയ്യില്ല. അൽമോറ ജില്ലയിലെ 6 നിയോജകമണ്ഡലങ്ങളിലായുള്ള ഈ ഗ്രാമങ്ങൾ പ്രേത ഗ്രാമങ്ങളെന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രാമം മുഴുവൻ ശൂന്യമാണ്. കഴിഞ്ഞ വർഷങ്ങളിലായി ഇവിടെയുണ്ടായിരുന്ന താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു.

2017 തെരഞ്ഞെടുപ്പിൽ ഇവിടെ ആകെ 25 പ്രേത ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ഈ സംഖ്യ 87 ആയി ഉയർന്നു എന്നത് ഏറെ ഗൗരവതരമായ സംഗതിയാണ്. ‘വോട്ടർമാരില്ലാതെ അവിടെ എങ്ങനെ തെരഞ്ഞെടുപ്പ് നടത്തും? ആളുകൾ താമസമില്ലാത്തതിനാൽ ഇവിടെ പോളിംഗ് ബൂത്തുകൾ സ്ഥാപിക്കില്ല എന്ന് അഡീഷണൽ ഡിസ്ട്രിക്ട് ഓഫീസർ ചന്ദ്ര സിംഗ് മർതോലിയ പറഞ്ഞതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു.

റോഡുകളുടെ ശോചനീയാവസ്ഥയും ആരോഗ്യ സംവിധാനങ്ങളുടെ അപര്യാപ്തതയുമാണ് ആളുകളെ ഈ ഗ്രാമങ്ങളിൽ നിന്ന് മാറി താമസിക്കാൻ പ്രേരിപ്പിക്കുന്നത്. 2017ൽ ഈ ആറ് നിയോജകമണ്ഡലങ്ങളിൽ വോട്ട് ചെയ്തവരുടെ എണ്ണവും കുറവായിരുന്നു. ഒരിടതതും 60 ശതമാനത്തിനു മുകളിൽ വോട്ടിംഗ് രേഖപ്പെടുത്തിയില്ല. 57.96 ശതമാനം പേർ വോട്ട് ചെയ്ത അൽമോറയാണ് പട്ടികയിൽ ഒന്നാമത്.