രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തുമോ എന്നതാണ് യാത്രക്കാര്‍ക്കിടയിലെ ആശങ്ക. കഴിഞ്ഞ തവണ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ട്രെയിന്‍ സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്. എന്നാല്‍ ഇക്കാര്യത്തില്‍ വിശദീകരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ.
ട്രെയിൻ സർവീസുകൾ നിർത്തലാക്കാൻ യാതൊരു ഉദ്ദേശവുമില്ലെന്നാണ് ഇന്ത്യൻ റെയിൽവെ ബോർഡ് അധ്യക്ഷനും സി.ഇ.ഒയുമായ സുനീത് ശർമ വ്യക്തമാക്കിയത്. യാത്രക്കാരുടെ ആവശ്യാനുസരണം ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ട്. എവിടെയും ലഭ്യതക്കുറവില്ല. ഇതു തുടരുമെന്നും സുനീത് ശർമ പറഞ്ഞു.
നിലവിൽ 1400 മെയിൽ എക്സ്പ്രസുകളും 5300 സബർബൻ സർവിസുകളുമാണ് നടത്തുന്നത്. 800 പാസഞ്ചർ ട്രെയിനുകളും ഓടുന്നുണ്ട്. ഇവ റിസർവേഷൻ ആവശ്യമില്ലാത്ത ട്രെയിനുകളായതിനാൽ തിരക്ക് കൂടുതലാണ്.
പാസഞ്ചർ ട്രെയിനുകളുടെ എണ്ണം സംസ്ഥാനങ്ങളുടെ തീരുമാനത്തിനനുസരിച്ച് വർധിപ്പിക്കും. ഏപ്രിൽ- മേയ് മാസങ്ങളിലെ തിരക്ക് പരിഹരിക്കാൻ കൂടുതൽ ട്രെയിനുകൾ സർവീസ് നടത്തും. സെൻട്രൽ റെയിൽവെക്ക് 58 ട്രെയിനുകളും വെസ്റ്റേൺ റെയിൽവെക്ക് 60 ട്രെയിനുകളും കൂടുതലായി അനുവദിച്ചിട്ടുണ്ടെന്നും റെയിൽവെ ബോർഡ് അധ്യക്ഷൻ കൂട്ടിച്ചേര്‍ത്തു.