കോവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ ഇപ്രാവശ്യത്തെ റിപ്പബ്ലിക്ക് ദിനത്തിന് വിദേശ രാജ്യങ്ങളിൽ നിന്നുള്ള വിശിഷ്ട അതിഥികളെ വേണ്ടെന്നു വെച്ച് കേന്ദ്രം. കേന്ദ്ര വിദേശകാര്യ മന്ത്രാലയമാണ് ഇതുസംബന്ധിച്ച ഔദ്യോഗിക വിവരം പുറത്തുവിട്ടത്.
“ഇപ്രാവശ്യത്തെ റിപ്പബ്ലിക്ക് ദിനത്തിന് ഏതെങ്കിലും വിദേശ രാജ്യത്തിന്റെ നേതാക്കളെയോ, പ്രതിനിധികളെയോ വിശിഷ്ട അതിഥികളായി ഇനി ക്ഷണിക്കേണ്ടതില്ലയെന്നാണ് തീരുമാനം. ലോകം മുഴുവൻ കോവിഡ് മഹാമാരിയുമായി പൊരുതുന്ന സാഹചര്യത്തിൽ ആണ് ഇന്ത്യയുടെ തീരുമാനം.” കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോരിസ് ജോൺസണായിരുന്നു നേരത്തെ തീരുമാനിച്ചിരുന്ന റിപ്പബ്ലിക്ക് ദിനത്തിനുള്ള വിശിഷ്ടാതിഥി. എന്നാൽ ബ്രിട്ടനിൽ അതിവേഗ കോവിഡ് കൂടി സ്ഥിരീകരിക്കപ്പെട്ട സാഹചര്യത്തിൽ ഇന്ത്യയിലേക്കുള്ള യാത്ര ബോരിസ് ജോൺസൺ വേണ്ടെന്നു വെക്കുകയായിരുന്നു.