India National

നിര്‍ഭയ കേസ്; പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും

നിര്‍ഭയ കേസിലെ പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. പ്രതികളായ വിനയ് ശര്‍മ, മുകേഷ് സിങ് എന്നിവരാണ് ഹരജി നല്‍കിയത്.തിരുത്തല്‍ ഹരജികള്‍ ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ ബഞ്ച് ഉച്ചക്ക് പരിഗണിക്കും.

ഡല്‍ഹി നിര്‍ഭയ കൂട്ട ബലാത്സംഗ കൊലപാതക കേസിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട പ്രതികള്‍ക്കുള്ള അവസാന നിയമ വഴിയാണ് തിരുത്തല്‍ ഹരജികള്‍. മുഖ്യപ്രതികളില്‍ രണ്ട് പേരായ വിനയ് ശര്‍മയും മുകേഷുമാണ് ഹരജികളുമാണ് കോടതിയെ സമീപിച്ചത്. ഉച്ചക്ക് ഒന്നേമുക്കാലിന് ‌കോടതി ഹരജികള്‍ പരിഗണിക്കും. ജസ്റ്റിസ് എന്‍.വി രമണ അധ്യക്ഷനായ അഞ്ചംഗ ബഞ്ചാണ് ഹരജികള്‍ പരിഗണിക്കുന്നത്. തിരുത്തല്‍ ഹരജി തള്ളിയാല്‍ ദയാ ഹരജി കൂടി നല്‍കാന്‍ പ്രതികള്‍ക്കാകും.

ദയാഹരജികള്‍ കൂടി തള്ളിയാല്‍ മാത്രമേ ‌വധശിക്ഷ നടപ്പാക്കാനാകൂ. ഈ മാസം 22ന് വധശിക്ഷ നടപ്പാക്കാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. എന്നാല്‍ ദയാഹരജി നല്‍കുകയും രാഷ്ട്രപതി അവ തള്ളുകയും ചെയ്താല്‍ 14 ദിവസത്തിന് ശേഷം മാത്രമേ വധശിക്ഷ നടപ്പാക്കാന്‍ പാടുള്ളൂവെന്നാണ് വ്യവസ്ഥ. അങ്ങനെയെങ്കില്‍ 22ന് വധശിക്ഷ നടപ്പാക്കാനായേക്കില്ല. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, റോഹിന്‍ണ്ടണ്‍ ഫാലി നരിമാന്‍, ആര്‍.ബാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് തിരുത്തല്‍ ഹരജികള്‍ പരിഗണിക്കുന്ന ബഞ്ചിലെ മറ്റുള്ളവര്‍.