India

ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്ത്; നിർണായക കണ്ടെത്തലുമായി എൻഐഎ

ഇന്ത്യൻ മഹാസമുദ്രം വഴിയുള്ള ലഹരിക്കടത്തിൽ നിർണായക കണ്ടെത്തലുമായി എൻഐഎ.
ഗുജറാത്തിലെ മുന്ദ്ര തുറമുഖം, വിഴിഞ്ഞം എന്നിവിടങ്ങൾ വഴിയുള്ള ലഹരിക്കടത്തിന് പിന്നിൽ ഒരേ സംഘമെന്നാണ് വിവരം. മുന്ദ്ര കേസ് അന്വേഷിക്കുന്ന എൻഐഎ ടീം കൊച്ചി യൂണിറ്റിൽ നിന്ന് വിവരങ്ങൾ തേടി.

ഇന്ത്യൻ മഹാസമുദ്രം വഴി അഫ്ഗാൻ ശ്രീലങ്ക ലഹരിപാത പ്രവർത്തിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കോടിക്കണക്കിന് രൂപയുടെ മയക്കുമരുന്ന് പലപ്പോഴായി ഈ പാത വഴി കടത്തി. അടുത്തിടെ ഗുജറാത്തിലെ മുന്ദ്ര തുറമുഖം, വിഴിഞ്ഞം എന്നിവിടങ്ങളിൽ പിടികൂടിയതടക്കം ലഹരിക്കടത്തിൽ ഒരേ സംഘമാണ് പ്രവർത്തിക്കുന്നതെന്നും എൻഐഎ കരുതുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ മുന്ദ്ര കേസ് അന്വേഷിക്കുന്ന എൻഐഎ ടീം കൊച്ചി യൂണിറ്റിൽ നിന്നും വിവരങ്ങൾ തേടി. ലഹരിക്കടത്ത് കേസിൽ പാക് പൗരൻ ഹാജി സലിം സംഘത്തെയും എൽടിടിഇ സ്ലീപ്പർ സെല്ലുകളെയുമാണ് പ്രധാനമായും സംശയിക്കുന്നത്. മുന്ദ്ര കേസിൽ അറസ്റ്റിലായ തമിഴ് ദമ്പതികളുടെ എൽടിടിഇ ബന്ധം പരിശോധിക്കാൻ എൻഐഎ തീരുമാനിച്ചിട്ടുണ്ട്. കേസിലെ വിദേശ ബന്ധവും, ഭീകരവാദ സാന്നിദ്ധ്യവും കണക്കിലെടുത്ത് ഗൗരവതരമായ അന്വേഷണമാണ് പുരോഗമിക്കുന്നത്. അന്വേഷണത്തിൽ ഡിആർഐ, എൻസിബി, ഐബി, റോ തുടങ്ങിയ ഏജൻസികളും സഹകരിക്കുന്നുണ്ട്.