India

തമിഴ്നാട് ബിജെപി നേതൃനിരയില്‍ താരങ്ങള്‍; ഗൗതമിയും നമിതയും നിര്‍വാഹക സമിതിയില്‍

പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകി.

സിനിമാ മേഖലയിലുള്ളവര്‍ക്ക് പരിഗണന നല്‍കി തമിഴ്‌നാട് ബി.ജെ.പി.യിൽ അഴിച്ചുപണി. നടിമാരായ നമിതയെയും ഗൗതമിയെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട നടി ഗായത്രി രഘുറാമിനെ തിരിച്ചെടുത്ത് സാംസ്കാരിക വിഭാഗത്തിന്റെ ചുമതല നൽകി. നടനും നാടക പ്രവർത്തകനുമായ എസ്.വി ശേഖറാണ് പുതിയ ഖജാൻജി.

നടിമാരായ മധുവന്തി അരുൺ, കുട്ടി പത്മിനി എന്നിവരെയും സംസ്ഥാന നിർവാഹക സമിതി അംഗങ്ങളാക്കി. കഴിഞ്ഞ നവംബറിലാണ് നമിത ബി.ജെ.പി.യിൽ ചേർന്നത്. നമിതയ്ക്കൊപ്പം പാർട്ടിയിൽ ചേർന്ന നടൻ രാധാരവിക്ക്‌ സ്ഥാനമൊന്നും നല്‍കിയിട്ടില്ല. നയന്‍താരയെ കുറിച്ചുള്ള വിവാദ പരാമര്‍ശത്തെ തുടര്‍ന്നാണ് രാധാരവിയെ ഡിഎംകെ പുറത്താക്കിയത്. മുന്‍കേന്ദ്രമന്ത്രി പൊന്‍രാധാകൃഷ്ണന്‍ വിഭാഗത്തെ തഴഞ്ഞതായി ആക്ഷേപമുണ്ട്. മുന്‍ഡിഎംകെ എംഎല്‍എ വി പി ദുരൈസ്വാമിയാണ് ഉപാധ്യക്ഷന്‍.

10 വൈസ് പ്രസിഡന്‍റുമാര്‍, 4 ജനറൽ സെക്രട്ടറിമാർ, 9 സെക്രട്ടറിമാർ തുടങ്ങിയ സ്ഥാനങ്ങളിലാണ് പുതിയ നിയമനം. കെ.ടി. രാഘവൻ, ജി.കെ. സെൽവകുമാർ, കരു നാഗരാജൻ, ആർ ശ്രീനിവാസൻ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. നയിനർ നാഗേന്ദ്രന് വൈസ് പ്രസിഡന്‍റ് സ്ഥാനമാണ് നല്‍കിയത്. ജനറൽ സെക്രട്ടറി സ്ഥാനം പ്രതീക്ഷിച്ചിരുന്ന അദ്ദേഹത്തിന് അതൃപ്തിയുണ്ടെന്നാണ് സൂചന.