കർണാടകയിൽ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ചർച്ചയിൽ സിദ്ധരാമയ്യക്ക് മുൻതൂക്കമെന്ന് സൂചന. ഭൂരിഭാഗം എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്കെന്ന് കേന്ദ്ര നിരീക്ഷകരുടെ വിലയിരുത്തൽ. കൂടുതൽ ചർച്ചകൾക്കായി ഡികെ ശിവകുമാറും സിദ്ധരാമയ്യയും ഡൽഹിയിലേക്ക് പോകും.
പുതിയ കർണാടക മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനിക്കട്ടെയെന്നാണ് കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ തീരുമാനമായത്. സിദ്ധരാമയ്യയും ഡികെ ശിവകുമാറുമാണ് മുഖ്യമന്ത്രി സ്ഥാനത്തിന് അവകാശവുമായി നിൽക്കുന്നത്. ഇരുവരേയും പിന്തുണയ്ക്കുന്ന അണികൾ ചേരി തിരിഞ്ഞ് മുദ്രാവാക്യം വിളികളുമായി യോഗം നടക്കുന്ന ബംഗളൂരുവിലെ സ്വകാര്യ ഹോട്ടലിന് മുന്നിൽ തടിച്ചുകൂടി. വിഷയത്തിൽ മലികാർജുൻ ഖാർഗെയും സോണിയ ഗാന്ധിയും ചർച്ച നടത്തി.
ഖാർഗെയ്ക്കും സോണിയക്കും പുറമെ സത്യപ്രതിജ്ഞാ ചടങ്ങിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുക്കും. സഖ്യകക്ഷികൾ ഉൾപ്പെടെയുള്ള പാർട്ടി നേതാക്കൾക്കും സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുക്കാൻ ക്ഷണമുണ്ട്.