തൃക്കാക്കരയ്ക്ക് പുറമെ ഉപതെരഞ്ഞെടുപ്പ് നടന്ന ഉത്തരാഖണ്ഡിലെ ചമ്പാവത്, ഒഡിഷയിലെ ബ്രജ് രാജ് നഗര്‍ നിയമസഭ മണ്ഡലങ്ങളിലും ഇന്ന് വോട്ടെണ്ണല്‍ നടക്കും. ചമ്പാവതില്‍ പോരാട്ടത്തിനിറങ്ങിയ ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കര്‍ സിംഗ് ധാമിക്ക് ഉപതെരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ പുഷ്കര്‍ സിംഗ് ധാമിക്ക് വിജയം അനിവാര്യമാണ്.
വികസനത്തിനാണ് ജനത്തിന്റെ വോട്ടെന്ന് പുഷ്കര്‍ സിംഗ് ധാമി ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചമ്പാവതില്‍ നിന്ന് വിജയിച്ച കൈലാഷ് ഗെഹ്തോറി, പുഷ്കര്‍ സിങ് ധാമിക്കായി എംഎല്‍എ സ്ഥാനം രാജി വച്ചിരുന്നു. കോണ്‍ഗ്രസ് നേതാവ് നിര്‍മല ഗെഹ്തോറിയാണ് മുഖ്യ എതിരാളി.
സമാജ്വാദി പാര്‍ട്ടിയിലെ മനോജ് കുമാര്‍ ഭട്ട്, സ്വതന്ത്ര സ്ഥാനാര്‍ത്ഥി ഹിമാഷു ഗഡ്കോട്ടി എന്നിവരും തെരഞ്ഞെടുപ്പ് പോര്‍ക്കളത്തിലുണ്ട്. ഒഡിഷയിലെ ബ്രജ് രാജ് നഗറില്‍, ബിജു ജനതാദള്‍ എംഎല്‍എ കിഷോര്‍ മൊഹന്തിയുടെ മരണത്തെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്.