National

പൗരത്വ ഭേദഗതി ബില്ലിനോട് ഐക്യരാഷ്ട്രസഭയുടെ പ്രതികരണം ഇങ്ങനെ…

ലോക്സഭയിൽ പൗരത്വ ഭേദഗതി ബിൽ പാസാക്കിയതിനെക്കുറിച്ച് പ്രതികരിക്കാൻ വിസമ്മതിച്ച ഐക്യരാഷ്ട്രസഭ, എല്ലാ സർക്കാരുകളും വിവേചനരഹിതമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയെന്നതാണ് സഭയുടെ ഏക വിഷയമെന്നും വ്യക്തമാക്കി. ബിൽ പാസാക്കിയതിനെ കുറിച്ച് പ്രതികരണം ആരാഞ്ഞപ്പോള്‍ ഐക്യരാഷ്ട്ര സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസിന്റെ വക്താവ് ഫർഹാൻ ഹഖ് പറഞ്ഞത്, ഈ ബില്‍ നിയമനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകുമെന്നായിരുന്നു.

”എനിക്കറിയാവുന്നിടത്തോളം, ഈ ബില്‍ ഒരു നിയമനിർമ്മാണ പ്രക്രിയയിലൂടെ കടന്നുപോകും. ആഭ്യന്തര തലത്തില്‍ നിയമനിർമ്മാണ പ്രക്രിയ നടക്കുമ്പോൾ അഭിപ്രായം പറയാന്‍ കഴിയില്ല,” ഹഖ് പറഞ്ഞു. “അതേസമയം, എല്ലാ സർക്കാരുകളും വിവേചനരഹിതമായ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക മാത്രമാണ് ഞങ്ങളുടെ വിഷയം,” ഹഖ് കൂട്ടിച്ചേർത്തു. പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിൽ നിന്നുള്ള അമുസ്‌ലിം അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ അനുവദിക്കുന്നതാണ് പൗരത്വ ഭേദഗതി ബിൽ.

തിങ്കളാഴ്ച 80 വോട്ടുകൾക്കെതിരെ 311 വോട്ടുകളുടെ ഭൂരിപക്ഷത്തോടെയാണ് ലോക്സഭയില്‍ ബില്‍ പാസാക്കിയത്. ബിൽ ഇന്ന് രാജ്യസഭയിൽ അവതരിപ്പിക്കും. എന്നാല്‍ രാജ്യസഭയില്‍ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്‍ പാസാക്കി എടുക്കാന്‍ കഴിയില്ല. 245 അംഗ സഭയില്‍ 123 അംഗങ്ങളുടെയെങ്കിലും പിന്തുണയുണ്ടെങ്കിലേ എന്‍.ഡി.എയ്ക്ക് ബില്ലുമായി രാജ്യസഭ കടക്കാന്‍ കഴിയൂ.