National

മേഘാലയയില്‍ വീണ്ടും ട്വിസ്റ്റ്; എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ച് രണ്ട് എംഎല്‍എമാര്‍; സര്‍ക്കാര്‍ രൂപീകരണത്തിന് തൃണമൂല്‍ നീക്കം

മേഘാലയയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയാറെടുത്ത കോണ്‍റാഡ് സാങ്മയ്ക്ക് തിരിച്ചടി. എന്‍പിപിക്കുള്ള പിന്തുണ പിന്‍വലിച്ചതായി ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി അറിയിച്ചതാണ് സര്‍ക്കാര്‍ രൂപീകരണത്തിന് സാങ്മയ്ക്ക് മുന്നില്‍ വിലങ്ങുതടിയാകുന്നത്. ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ രണ്ട് എംഎല്‍എമാരാണ് പിന്തുണ പിന്‍വലിച്ചത്. 32 എംഎല്‍എമാരുടെ പിന്തുണ അവകാശപ്പെട്ടുള്ള കത്താണ് കോണ്‍റാഡ് സാങ്മ നല്‍കിയിരുന്നത്. (Twist in Meghalaya govt formation; HSPDP withdraws support Sangma’s NPP)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. എന്‍സിപി, ബിജെപി ഒഴികെയുള്ള എംഎല്‍എമാരെ കൂടെക്കൂട്ടാനാണ് മുകുള്‍ സാങ്മ ശ്രമം നടത്തുന്നത്.

സര്‍ക്കാര്‍ രൂപീകരണത്തിന് 31 എംഎല്‍എമാരുടെ പിന്തുണയാണ് ആവശ്യം. രണ്ട് എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചതോടെ എന്‍പിപിയുടെ പാത എളുപ്പമാകില്ലെന്ന് വ്യക്തമായിരിക്കുകയാണ്. എന്‍പിപിയുടെ 26 എംഎല്‍എമാരുടെയും ബിജെപിയുടെ രണ്ട് എംഎല്‍എമാരുടെയും ഹില്‍ സ്റ്റേറ്റ് പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (എച്ച്എസ്പിഡിപി) രണ്ട് എംഎല്‍എമാരുടെയും രണ്ട് സ്വതന്ത്ര എംഎല്‍എമാരുടെയും പിന്തുണയുണ്ടെന്നായിരുന്നു കത്തിലൂടെ കോണ്‍റാഡ് സാങ്മയുടെ അവകാശവാദം. ബിജെപി പിന്തുണയോടെ സംസ്ഥാനം ഭരിക്കുമെന്നും സാങ്മ അറിയിച്ചിരുന്നു.