National

അംഗീകൃത സ്റ്റാർട്ടപ്പുകളുടെ എണ്ണം 75,000 കടന്നു

ഇതുവരെ 75,000-ലധികം സ്റ്റാർട്ടപ്പുകൾക്ക് വ്യവസായ-ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് (DPIIT) അംഗീകാരം നൽകി – സ്വാതന്ത്ര്യത്തിന്റെ 75-ാം വർഷത്തോട് അനുബന്ധിച്ച് പിന്നിടുന്ന ഒരു സുപ്രധാന നാഴികക്കല്ലാണിത്. 2016 ജനുവരി 16-ന്, രാജ്യത്ത് നൂതനത്വവും സ്റ്റാർട്ടപ്പുകളും പോഷിപ്പിക്കുന്നതിന് ശക്തമായ ഒരു ആവാസവ്യവസ്ഥ കെട്ടിപ്പടുക്കുന്നതിനുള്ള കർമ്മ പദ്ധതി ആവിഷ്കരിക്കുന്നതിനുള്ള പരിപാടിക്ക് തുടക്കമായി. 6 വർഷത്തിനിപ്പുറം, ഇന്ത്യയെ മൂന്നാമത്തെ വലിയ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയാക്കി മാറ്റുന്നതിൽ കർമ്മ പദ്ധതി വിജയം കണ്ടു. അതുകൊണ്ടുതന്നെ ജനുവരി 16 ദേശീയ സ്റ്റാർട്ടപ്പ് ദിനമായി പ്രഖ്യാപിച്ചിട്ടുണ്ട്.

ആദ്യ 10,000 സ്റ്റാർട്ടപ്പുകൾ 808 ദിവസം കൊണ്ട് അംഗീകരിക്കപ്പെട്ടപ്പോൾ, ഏറ്റവും അവസാനത്തെ 10,000 സ്റ്റാർട്ടപ്പുകൾ അംഗീകരിക്കപ്പെട്ടത് 156 ദിവസങ്ങൾ കൊണ്ടാണ്. പ്രതിദിനം, ശരാശരി 80-ലധികം സ്റ്റാർട്ടപ്പുകൾക്ക് അംഗീകാരം ലഭിക്കുന്നു. ലോകത്തെ തന്നെ ഏറ്റവും ഉയർന്ന നിരക്കാണിത്. പ്രതീക്ഷാ നിർഭരവും പ്രോത്സാഹജനകവുമാണ് രാജ്യത്തെ സ്റ്റാർട്ടപ്പ് സംസ്കാരത്തിന്റെ ഭാവി. അംഗീകൃത സ്റ്റാർട്ടപ്പുകളിൽ, ഏകദേശം 12% ഐടി സേവനങ്ങളും, 9% ആരോഗ്യസംരക്ഷണവും ജീവശാസ്ത്രവും, 7% വിദ്യാഭ്യാസം, 5%

പ്രൊഫഷണൽ, വാണിജ്യ സേവനങ്ങൾ, 5% കൃഷി എന്നിങ്ങനെയാണ്. ഇന്ത്യൻ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥയിലൂടെ ഇതുവരെ 7.46 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ 6 വർഷം തൊഴിൽ സൃഷ്ടിയിൽ 110% വാർഷിക വർധന രേഖപ്പെടുത്തി. ഏകദേശം 49% സ്റ്റാർട്ടപ്പുകളും റ്റിയർ II & റ്റിയർ III വിഭാഗങ്ങളിൽപ്പെടുന്നവയാണ്.