National

ബലമായി ഹിജാബ് അഴിപ്പിച്ചു; പരാതിയുമായി നീറ്റ് പരീക്ഷയ്‌ക്കെത്തിയ വിദ്യാര്‍ത്ഥിനികള്‍

നീറ്റ് പരീക്ഷയ്ക്ക് ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ത്ഥിനികളെ തടഞ്ഞതായി പരാതി. മഹാരാഷ്ട്രയിലും രാജസ്ഥാനിലുമാണ് സംഭവമുണ്ടായത്. രാജസ്ഥാനിലെ കോട്ടയില്‍ മോഡി കോളജില്‍ ഹിജാബ് ധരിച്ച് പരീക്ഷയെഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനികളെ പ്രവേശന കവാടത്തില്‍ തടയുകയും ഹിജാബ് മാറ്റാന്‍ ആവശ്യപ്പെടുകയും ചെയ്തു.

ഇതോടെ പരീക്ഷാ കേന്ദ്രത്തിന് പുറത്ത് നിന്ന പൊലീസുകാരും വിദ്യാര്‍ത്ഥികളും വാക്കുതര്‍ക്കമുണ്ടായി. തുടര്‍ന്ന് പരീക്ഷാ കണ്‍ട്രോളറെ വിളിച്ചുവരുത്തി, പരീക്ഷയ്ക്കിടെ ഏതെങ്കിലും തരത്തില്‍ പ്രശ്‌നങ്ങളുണ്ടായാല്‍ തന്റേത് മാത്രമായിരിക്കും ഉത്തരവാദിത്തമെന്ന് എഴുതി ഒപ്പിട്ട ശേഷമാണ് വിദ്യാര്‍ത്ഥികളെ ഹാളിലേക്ക് പ്രവേശിപ്പിച്ചത്.

തര്‍ക്കത്തിന് ശേഷം കോട്ടയില്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയെഴുതാന്‍ അനുവദിച്ചെങ്കിലും മഹാരാഷ്ട്രയിലെ വാഷിമില്‍, പരിശോധനയ്ക്കായി വിദ്യാര്‍ത്ഥികളെ കൊണ്ട് നിര്‍ബന്ധിച്ച് ഹിജാബ് മാറ്റിപ്പിച്ചെന്നും പരാതിയുണ്ട്. പരീക്ഷാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥര്‍ മോശമായി പെരുമാറിയെന്നാരോപിച്ച് ആറോളം വിദ്യാര്‍ത്ഥികള്‍ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്.