National

തിരുത്തൽ നടപടി നിർദ്ദേശങ്ങൾ സമർപ്പിക്കും; ഗുലാം നബി ആസാദ് ഇന്ന് സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന

തിരുത്തൽ നടപടികൾക്കുള്ള നിർദേശങ്ങളുമായി ജി23 നേതാവ് ഗുലാം നബി ആസാദ് ഇന്ന് കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയ ഗാന്ധിയെ കാണുമെന്ന് സൂചന. ഇന്നലെ പതിനെട്ട് കോൺഗ്രസ് നേതാക്കൾ യോഗം ചേർന്ന് തയാറാക്കിയ നിർദേശങ്ങൾ ഗുലാം നബി ആസാദ്, സോണിയ ഗാന്ധിയെ ധരിപ്പിച്ചേക്കും. രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും കൂടിക്കാഴ്ചയിൽ പങ്കെടുക്കുമെന്നാണ് സൂചന.

എല്ലാവരെയും യോജിപ്പിച്ച് കൊണ്ട് പോകുന്ന കൂട്ടായ നേതൃത്വമാണ് കോൺഗ്രസിന് ഇപ്പോൾ ആവശ്യം. സംഘടനയുടെ എല്ലാ തലത്തിലും ചർച്ചകൾ നടത്തി തീരുമാനമെടുക്കാൻ കഴിയുന്ന നേതൃത്വം വേണമെന്നാണ് ജി23 നേതാക്കളുടെ നിലപാട്. ബിജെപിയെ എതിർക്കാൻ കോൺഗ്രസിനെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. 2024 ലെ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ശക്തമായ ബദലാകാൻ വേദിയൊരുക്കണം. ഇതിനായി സമാന മനസ്ഥിതിയുള്ള പാർട്ടികളുമായി ചർച്ചകൾ ആരംഭിക്കണമെന്ന നിർദേശം ജി23 സോണിയ ഗാന്ധിക്ക് മുന്നിൽ വയ്ക്കും. അടുത്ത നടപടികൾ ഉടൻ പ്രഖ്യാപിക്കുമെന്നും ജി23 നേതാക്കൾ പുറത്തിറക്കിയ പ്രസ്താവനയിൽ അറിയിച്ചിരുന്നു. ഇന്നലെ ഗുലാം നബി ആസാദിന്റെ വസതിയിൽ കപിൽ സിബൽ, ആനന്ദ് ശർമ, മനീഷ് തിവാരി, ശശി തരൂർ, ഭൂപീന്ദർ സിംഗ് ഹൂഡ, മണി ശങ്കർ അയ്യർ, പി.ജെ. കുര്യൻ തുടങ്ങി 18 നേതാക്കളാണ് നാല് മണിക്കൂറോളം യോഗം ചേർന്നത്.