National

‘എല്ലാം ആസൂത്രിതം’; ഗെഹ്‌ലോട്ടിനെ അധ്യക്ഷനായി പരിഗണിക്കരുതെന്ന് നേതാക്കള്‍; സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും

രാജസ്ഥാനിലെ നിലവിലെ പ്രതിസന്ധിക്ക് കാരണം അശോക് ഗെഹ്‌ലോട്ടിന്റെ നീക്കങ്ങളെന്ന് എഐസിസി നിരീക്ഷകര്‍. ഇക്കാര്യം അറിയിച്ചുകൊണ്ട് സോണിയ ഗാന്ധിക്ക് റിപ്പോര്‍ട്ട് നല്‍കും. എംഎല്‍എമാരുടെ പ്രതിഷേധം ആസൂത്രണം ചെയ്തത് ഗെഹ്‌ലോട്ടാണ്. ഗെഹ്‌ലോട്ട് അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത് ഉചിതമല്ലെന്നും നിരീക്ഷകര്‍ വ്യക്തമാക്കി. മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കെ സി വേണുഗോപാല്‍, അജയ് മാക്കന്‍ എന്നിവര്‍ സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ സോണിയ കമല്‍നാഥിനെ വിളിപ്പിച്ചിട്ടുണ്ട്.

പ്രതിസന്ധി നിലനില്‍ക്കെ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തില്‍ നിന്നും പിന്മാറാന്‍ അശോക് ഗെഹ്ലോട്ട് സന്നദ്ധത അറിയിച്ചിട്ടുണ്ട്. രാജസ്ഥാന്‍ മുഖ്യമന്ത്രിയായി താന്‍ തുടരുമെന്ന് ഗെഹ്ലോട്ട് നിലപാടറിയിക്കുകയായിരുന്നു. മല്ലികാര്‍ജുന്‍ ഖാര്‍ഗെയെയാണ് ഗെഹ്ലോട്ട് തന്റെ തീരുമാനം അറിയിച്ചത്. രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തിയ എംഎല്‍എമാരുടെ തീരുമാനം തന്റെ താത്പര്യപ്രകാരമല്ലെന്നും ഗെഹ്ലോട്ട് അറിയിച്ചു.

രാജസ്ഥാന്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തി അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗെഹ്ലോട്ടിന്റെ തീരുമാനം. പ്രതിസന്ധിക്ക് പിന്നില്‍ അശോക് ഗഹ്ലോട്ടിന്റെ പദ്ധതിയെന്നായിരുന്നു ഹൈക്കമാന്‍ഡിന്റെ നിരീക്ഷണം. പ്രതിസന്ധിയുണ്ടാക്കുന്നില്ലെന്നും പ്രശ്ന പരിഹാരത്തിനായി മുഖ്യമന്ത്രിയായി തുടരാമെന്നും ഗെഹ്ലോട്ട് നേതൃത്വത്തെ അറിയിച്ചു.