National

കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ച സംഭവം; ഹർജി ഇന്ന് സുപ്രിംകോടതിയിൽ

കർണാടക സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചതിന് എതിരായ ഹർജികൾ ഇന്ന് സുപ്രീം കോടതിയിൽ. വിവിധ സംഘടനകളും വ്യക്തികളും നൽകിയ 23 ഹർജികളാണ് ചീഫ് ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. സംസ്ഥാന സർക്കാർ നടപടി ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാർഥികൾ 6 മാസം മുമ്പേ സമീപിച്ചിരുന്നെങ്കിലും
സുപ്രീം കോടതി ഹർജികൾ അടിയന്തരമായി പരിഗണിക്കാൻ തയ്യാറായിരുന്നില്ല.

ഹർജികളിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുൻപെ വാദം കേൾക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക സർക്കാർ തടസ ഹർജി ഫയൽ ചെയ്തിട്ടുണ്ട്. സമസ്ത കേരള സുന്നി യുവജന സംഘവും, ജംഇയ്യത്തുൽ ഉലമയും കേസിൽ കക്ഷി ചേർന്നിട്ടുണ്ട്. അഭിഭാഷകനായ സുൽഫിക്കർ അലിയാണ് ഹർജിക്കാർക്ക് വേണ്ടി ഹാജരാവുക.