National

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പ്; സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും

രാജസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും. എഐസിസി ആസ്ഥാനത്താണ് യോഗം. മുഖ്യമന്ത്രി അശോക് ഗലോട്ട്, പിസിസി അധ്യക്ഷൻ ഗോവിന്ദ് സിംഗ് ദൊത്താശ്ര എന്നിവർ പങ്കെടുക്കും.

ആദ്യഘട്ട സ്ഥാനാർത്ഥിപ്പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. 100 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ പട്ടികയാകും പ്രഖ്യാപിക്കുക. ബിജെപിയുടെ 90 സീറ്റിലേക്കുള്ള സ്ഥാനാർത്ഥികളുടെ രണ്ടാംഘട്ട പട്ടികയും ഉടൻ പ്രഖ്യാപിക്കും. കഴിഞ്ഞദിവസം ചേർന്ന കോർ കമ്മിറ്റിയിൽ സ്ഥാനാർത്ഥികളെ സംബന്ധിച്ച് ധാരണയായി. അതേസമയം, എംപി.മാർക്ക് സീറ്റ് അനുവദിച്ചതിൽ ഉണ്ടായ തർക്കങ്ങൾക്കിടെ ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ഇന്ന് രാജസ്ഥാൻ സന്ദർശിക്കും. സീറ്റ് നിഷേധിച്ചതിനെ തുടർന്ന് വസുന്ധര രാജേ അനുകൂല നേതാക്കൾ ഔദ്യോഗിക സ്ഥാനാർത്ഥികൾക്കെതിരെ മത്സരിച്ചേക്കും.