National

ജോഷിമഠില്‍ വീണ്ടും ആശങ്ക; കനത്ത മഴയ്ക്കും മഞ്ഞുവീഴ്ചയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

ജോഷിമഠില്‍ ആശങ്ക പടര്‍ത്തി കാലാവസ്ഥാ മുന്നറിയിപ്പ്. ഈ മാസം 20 മുതല്‍ 27 വരെ മഞ്ഞുവീഴ്ചയ്ക്കും കനത്ത മഴയ്ക്കും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഹിമാലയന്‍ മലനിരകളിലെ ചമോലി ജില്ലയിലെ ഓലിയില്‍ ആറടി വരെ മഞ്ഞുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

ഈ മാസം 24 വരെയാണ് ജോഷിമഠില്‍ മഴ പ്രവചിക്കുന്നത്. നാളെ മുതല്‍ ജോഷിമഠ്, ചമോലി, പിത്തോരഗഡ് എന്നിവിടങ്ങളില്‍ മഴയും മഞ്ഞുവീഴ്ചയും ഉണ്ടാകും. മഴ മുന്നറിയിപ്പുള്ളതിനാല്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ ജോഷിമഠില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധര്‍ നിര്‍ദേശിച്ചു. നൂറുകണക്കിന് ആളുകളെയാണ് ജോഷിമഠില്‍ നിലവില്‍ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിരിക്കുന്നത്.

ഹിമാചല്‍ പ്രദേശില്‍ അടുത്ത 48 മണിക്കൂറിനുള്ളില്‍ കനത്ത മഞ്ഞുവീഴ്ച ഉണ്ടാകും. വ്യാഴാഴ്ചയ്ക്ക് ശേഷം സംസ്ഥാനത്തെ മിക്ക സ്ഥലങ്ങളിലും മഴയും മഞ്ഞുവീഴ്ചയും തുടരും. ഷിംലയില്‍ താപനില 0 ഡിഗ്രി സെല്‍ഷ്യസും ലാഹൗള്‍-സ്പിതിയിലെ കീലോംഗില്‍ ഏറ്റവും കുറഞ്ഞ താപനിലയായി
മൈനസ് 11 ഡിഗ്രി സെല്‍ഷ്യസും രേഖപ്പെടുത്തി. വരും ദിവസങ്ങളില്‍ താപനില കുറയുമെന്നാണ് പ്രവചനം.

വടക്കുപടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ അടുത്ത ആഴ്ച കാറ്റും മഴയും ആലിപ്പഴ വര്‍ഷവും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പുണ്ട്. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ചൊവ്വാഴ്ച രേഖപ്പെടുത്തിയ താപനില, 1 മുതല്‍ 3 വരെ ഡിഗ്രി സെല്‍ഷ്യസ് തണുപ്പാണ്. പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിരവധി ട്രെയിന്‍ സര്‍വീസുകള്‍ വൈകി ഓടുന്നുണ്ട്. വടക്കന്‍ റെയില്‍വേയുടെ ആറോളം ട്രെയിനുകള്‍ ഇന്ന് മാത്രം വൈകിയോടുന്നുണ്ട്.