National

രാഹുലിന് പ്രവേശനമില്ല; ഒസ്മാനിയ യൂണിവേഴ്സിറ്റി തർക്കത്തിൽ വിദ്യാർത്ഥികൾ കോടതിയിൽ

രാഹുല്‍ ഗാന്ധിക്ക് ഒസ്മാനിയ യൂണിവേഴ്സിറ്റിയില്‍ പ്രവേശനാനുമതി നിഷേധിച്ചത് വിവാദത്തിൽ. കാമ്പസിൽ രാഷ്ട്രീയ പരിപാടികള്‍ അനുവദിക്കില്ലെന്ന കാരണത്താലാണ് കോൺഗ്രസ് നേതാവിന് അനുമതി നൽകാത്തത്. സർവ്വകലാശാല നിലപാടിനെതിരെ വിദ്യാർത്ഥികൾ കോടതിയെ സമീപിച്ചു. നേരത്തെ തെലങ്കാന സന്ദർശിക്കുന്ന രാഹുൽ ഒസ്മാനിയ സർവകലാശാല സന്ദർശിക്കുമെന്ന് അറിയിച്ചിരുന്നു.

സർവ്വകലാശാലയുടെ തീരുമാനത്തിനെതിരെ കാമ്പസിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിനിടെയാണ് രാഹുൽ ഗാന്ധിക്ക് പ്രവേശനം അനുവദിക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികൾ തെലങ്കാന ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. യൂണിവേഴ്‌സിറ്റി എക്‌സിക്യൂട്ടീവ് കൗൺസിൽ ഔദ്യോഗികമായി അനുമതി നിഷേധിച്ചിട്ടില്ലെങ്കിലും ചില ഉദ്യോഗസ്ഥരാണ് തടസം ഉന്നയിച്ചത്.

സർവകലാശാല കാമ്പസിൽ രാഷ്ട്രീയ പൊതുയോഗങ്ങൾ പാടില്ലെന്ന ഹൈക്കോടതിയുടെ 2016ലെ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് എക്‌സിക്യൂട്ടീവ് കൗൺസിൽ വിസ്സമ്മതം ഉന്നയിക്കുന്നത്. ഏപ്രില്‍ 23നാണ് രാഹുല്‍ ഗാന്ധിയുടെ പരിപാടിക്ക് അനുമതി തേടി അപേക്ഷ സമര്‍പ്പിച്ചതെന്ന് കോണ്‍ഗ്രസ് വൃത്തങ്ങൾ അറിയിച്ചു. മെയ് 7നാണ് പരിപാടി നിശ്ചയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന സർവ്വകലാശാലകളിൽ ഒന്നാണ് ഒസ്മാനിയ യൂണിവേഴ്സിറ്റി.