National

രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക്, തിങ്കളാഴ്ച നേതാക്കളുമായി കൂടിക്കാഴ്ച

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തെലങ്കാനയിലേക്ക്. തിങ്കളാഴ്ച സംസ്ഥാനത്ത് എത്തുന്ന രാഹുൽ മുതിർന്ന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അടുത്ത വർഷം നടക്കാനിരിക്കുന്ന തെലങ്കാന തെരഞ്ഞെടുപ്പിന് മുന്നോടിയായി ആണ് അദ്ദേഹത്തിൻ്റെ സന്ദർശനം.

സംസ്ഥാന പാർട്ടി അധ്യക്ഷൻ രേവന്ത് റെഡ്ഡി, എംപിമാരായ ഉത്തം കുമാർ റെഡ്ഡി, കോമതിറെഡ്ഡി വെങ്കട്ട് റെഡ്ഡി എന്നിവരുൾപ്പെടെ തെലങ്കാന കോൺഗ്രസ് നേതാക്കൾ ഏപ്രിൽ നാലിന് നടക്കുന്ന യോഗത്തിൽ പങ്കെടുത്തേക്കും. തെലങ്കാനയുടെ ചുമതലയുള്ള മാണിക്കം ടാഗോറും പങ്കെടുക്കുമെന്നാണ് സൂചന.

തെലങ്കാന നേതാക്കളും രാഹുൽ ഗാന്ധിയും തമ്മിൽ നടക്കുന്ന രണ്ടാമത്തെ കൂടിക്കാഴ്ചയാണിത്. ബുധനാഴ്ച സംസ്ഥാന നേതാക്കളുമായി രാഹുൽ ഡൽഹിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. തെലങ്കാനയിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചും സംസ്ഥാനത്തെ ഡിജിറ്റൽ അംഗത്വത്തെക്കുറിച്ചും ചർച്ച നടന്നതായി വൃത്തങ്ങൾ അറിയിച്ചു.

പുതിയ അംഗങ്ങളെ ചേർക്കുന്നതിൽ തെലങ്കാന ഘടകം മറ്റ് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് മുന്നിലാണെന്ന് പാർട്ടി വൃത്തങ്ങൾ പറയുന്നു. തെലങ്കാനയിൽ 40 ലക്ഷം പേർ പുതുതായി കോൺഗ്രസിൽ ചേർന്നു എന്നാണ് വിവരം. കർണാടകയിൽ 34 ലക്ഷം, മഹാരാഷ്ട്രയിൽ 15 ലക്ഷം, ഗുജറാത്തിൽ 10 ലക്ഷം, കേരളത്തിൽ 10 ലക്ഷം, ഛത്തീസ്ഗഢിൽ അഞ്ചു ലക്ഷം, ബിഹാറിൽ 4 ലക്ഷം,രാജസ്ഥാനിൽ മൂന്നു ലക്ഷം, ഡൽഹിയിൽ ഒരു ലക്ഷം എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്ക്.