ജമ്മു കശ്മീരിലെ പുൽവാമയിൽ സുരക്ഷാസേനയുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരന്മാരിൽ ഒരാൾ പതിനേഴുകാരൻ. കശ്മീർ ഐ.ജി. വിജയകുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. ലഷ്കർ ഇ ത്വയിബയുടെ ഉന്നത കമാൻഡർ ബാസിത്തിന്റെ വലങ്കയ്യാണ് കൊല്ലപ്പെട്ട മറ്റൊരു ഭീകരൻ. പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കശ്മീർ സന്ദർശിച്ച ദിവസം തന്നെ ഏറ്റുമുട്ടൽ നടന്നത് ഗൗരവത്തോടെയാണ് ഏജൻസികൾ കാണുന്നത്.
പുൽവാമയിലെ പഹൂ മേഖലയിൽ ഇന്നലെ ഉച്ചയ്ക്ക് ശേഷമുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങളാണ് പൊലീസ് പുറത്തുവിട്ടത്. സുരക്ഷാസേന വധിച്ച ലഷ്കർ ഇ ത്വയിബ ഭീകരന്മാരിൽ ഒരാൾ പതിനേഴുകാരനാണ്. ഏപ്രിൽ പതിനാറിന് ശ്രീനഗറിലെ വീട്ടിൽ നിന്നും പോയ പതിനേഴുകാരനെ അന്ന് മുതൽ കാണാനില്ലായിരുന്നു. കൗമാരക്കാരനോട് വീട്ടിലേക്ക് മടങ്ങിയെത്താൻ കുടുംബം സാമൂഹ്യ മാധ്യമങ്ങൾ മുഖേന അഭ്യർത്ഥിച്ചിരുന്നു.
ലഷ്കർ ഇ ത്വയിബയുടെ ഡെപ്യൂട്ടി കമാൻഡർ റെഹാൻ എന്ന ആരിഫ് ഹസർ, പാക്കിസ്ഥാൻ സ്വദേശി ഹഖാനി എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ട് ഭീകരർ. ശ്രീനഗറിൽ പൊലീസ് ഇൻസ്‌പെക്ടർ പർവേസ്, സബ് ഇൻസ്‌പെക്ടർ അർഷിദ്, മൊബൈൽ ഫോൺ കടയുടമ എന്നിവരെ കൊലപ്പെടുത്തിയ കേസുകളിൽ പ്രതിയാണ് റെഹാൻ. ഒട്ടേറെ കേസുകളിൽ റെഹാൻ പ്രതിയായിരുന്നു. ജമ്മു കശ്മീരിൽ മൂന്ന് ദിവസത്തിനിടെ നടക്കുന്ന നാലാമത്തെ ഏറ്റുമുട്ടലാണ് പുൽവാമയിലുണ്ടായത്. അതിൽ തന്നെ രണ്ടാമത്തെ കൗമാരക്കാരനാണ് കൊല്ലപ്പെടുന്നത്.